ഏറെ നാളുകളായി സിനിമാ ഗ്രൂപ്പുകളിലും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മോഹൻലാലിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം. ഈ അടുത്ത് മോഹൻലാലിന്റെ ബറോസിന് ശേഷം ആഷിഖ് അബു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ആ റിപ്പോർട്ടുകൾ നിഷേധിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആ സിനിമയെ കുറിച്ചും തന്റെ മറ്റ് രണ്ട് സ്വപ്ന പ്രോജക്ടുകളെയും കുറിച്ച് പറയുകയാണ് ആഷിഖ് അബു.
”ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങുന്ന നീലവെളിച്ചമാണ് അടുത്തതായി ചെയ്യുന്ന ചിത്രം. മറ്റു സിനിമകളൊന്നും തീരുമാനമായിട്ടില്ല. ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം.” മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആഷിഖ് പറഞ്ഞു.
ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന ചിത്രത്തെ കുറിച്ചും ഷാരൂഖ് ഖാനെ വെച്ച് ചെയ്യുന്ന ചിത്രത്തെ കുറിച്ചും ആഷിഖ് സംസാരിച്ചു. “ഷാരൂഖ് ഖാനുമായിട്ട് ഒരു മീറ്റിങ്ങാണ് ഞാനും ശ്യാം പുഷ്കരനും നടത്തിയത്. അന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ഒരു ഐഡിയ സംസാരിച്ചു. അത് തിരക്കഥയായി വളര്‍ത്തിയെടുക്കണമെങ്കില്‍ കുറച്ചധികം സമയം ആവശ്യമാണ്. അതിനിടയിൽ കോവിഡ് വന്നപ്പോള്‍ ഷാരൂഖിന്റെയും ശ്യാമിന്റെയും എല്ലാ പ്രോജക്ടുകളും ഷൊഡ്യൂളുകളും മാറിപ്പോയി. അതുകൊണ്ട് ആ സിനിമയ്ക്ക് കുറേസമയം ഇനിയും ആവശ്യമായി വരും. മമ്മൂക്കയുമൊത്തുള്ള സിനിമയുടെയും തിരക്കഥ ശ്യാം പുഷ്കരനാണ്. അതും കുറച്ച് കാത്തിരിക്കേണ്ടിവരും,” ആഷിഖ് പറഞ്ഞു.
ടൊവിനോ തോമസ്, അന്ന ബെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന നാരദനാണ് ആഷിഖിന്റെ ഇനി തീയേറ്ററുകളിൽ എത്തുന്ന ചിത്രം. മിന്നൽ മുരളിക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന ടൊവിനോ ചിത്രമാണിത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ‘നാരദന്’ ഒരുക്കിയിരിക്കുന്നത്. മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി. ആര്. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
‘നീലവെളിച്ചം’ ആണ് ആഷിഖ് ഇനി സംവിധാനം ചെയ്യുന്ന ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ അതേപേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നത്.
Also Read: പഴയ ഗുണ്ടകളെ കളിയാക്കരുത്; ഉപചാരപൂർവം ദുൽഖർ സൽമാൻ