മലയാള സിനിമയിൽ തന്റേതായ കാഴ്ചപ്പാടും നിലപാടുമുളള സംവിധായകനാണ് ആഷിക് അബു. സിനിമയിലെ നിലവിലുളള പ്രശ്നങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് സംസാരിച്ചിരിക്കുകയാണ് ആഷിക്.

”സിനിമയുടെ ക്രിയേറ്റീവ് പ്രൊസസിൽ ഒരു പങ്കും വഹിക്കാത്ത ഡിസ്ട്രീബ്യൂട്ടർമാരും തിയേറ്ററുകളും ആണ് സിനിമയുടെ ഭാവി തീരുമാനിക്കുന്നത്. ഇവിടെ കെഎസ്എഫ്ഡിസി ഉണ്ട്, പക്ഷേ, ഫിലിം ചേംബറിലാണ് സിനിമയുടെ റജിസ്ട്രേഷൻ അടക്കം നടത്തേണ്ടത്. എന്തിനാണ് സിനിമയെ ചില ആളുകളുടെ കൈയ്യിൽ വിട്ടു കൊടുക്കുന്നത്?. പല രീതിയിലുളള സിനിമ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ താരങ്ങൾക്കുവേണ്ടി ചിലർ നടത്തിയ മാനിപ്പുലേഷൻ ആണ് ഈ സംവിധാനത്തെ ഇത്രയും വഷളാക്കി”യതെന്ന് എൻ.കെ.ഭൂപേഷിനു നൽകിയ അഭിമുഖത്തിൽ ആഷിക് അബു പറയുന്നു.

”നടനാണെന്നതുകൊണ്ട് മാത്രം ഒരാളെ ആർട്ടിസ്റ്റ് എന്നു വിളിക്കാൻ കഴിയില്ല. ഇന്നസെന്റേട്ടൻ ഒരു നടനാണ്. നല്ല സംഘാടകനാണ്. നന്നായി പരിഹസിച്ച് സംസാരിക്കാൻ അറിയുന്ന ആളാണ്. പെൺകുട്ടികളെന്തിനാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെന്നാണ് നടി ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഞാൻ ഒരിക്കലും ഇന്നസെന്റേട്ടനെ ഒരു കുറ്റക്കാരനായി കാണില്ല. കാരണം അദ്ദേഹം അതാണ്. നമ്മൾ കൂടുതൽ പ്രതീക്ഷിക്കരുത്. എംപി ആയി പോയത് തെറ്റല്ല. അദ്ദേഹം വാർത്താസമ്മേളനത്തിൽ പറയുന്നതിന്റെ രാഷ്ട്രീയ ശരികേട് അദ്ദേഹത്തിന് അറിയില്ല, അതാണ്. അല്ലാതെ അദ്ദേഹം ദുഷ്ടനായതുകൊണ്ട് ചെയ്യുന്നതല്ല. എന്താണ് പറയുന്നതിലെ ശരികേട് എന്ന് അദ്ദേഹത്തിന് അറിയില്ല. ഇതാണ് വസ്തുത. അത് അദ്ദേഹത്തിന്റെ മാത്രം പ്രശ്നവുമല്ല. സാമൂഹ്യബോധം എന്നത് തീർത്തും കുറവായ ഒരു മേഖല കൂടിയാണ് സിനിമ”.

”ശ്രീനിയേട്ടന്റെ സമീപകാലത്തെ സമീപനങ്ങൾ പലതും അതിതീവ്ര പരിസ്ഥിതി ബോധവും അതുപോലെ സ്ര്തീവിരുദ്ധമായ സമീപനങ്ങളും അദ്ദേഹത്തിന്റെ പതിവ് തമാശകളായിട്ടാണ് എനിക്ക് തോന്നുന്നത്. ഇതിനെതിരേ പക്ഷേ, സിനിമയിൽനിന്ന് വിമർശനമുണ്ടാകില്ല. അതാണ് സിനിമയുടെ അവസ്ഥ. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളോടൊന്നും ഒരു പ്രതികരണത്തിനും ഇവർ മെനക്കെടില്ല. സൂപ്പർ സ്റ്റാറുകളായാലും അല്ലെങ്കിലും അതുതന്നെയാണ് അവസ്ഥ. സൗകര്യപ്രദമായ മൗനമാണ് അവരുടെ സവിശേഷത. അത് അവർ എന്തിനൊക്കെയോ വേണ്ടി സ്വീകരിക്കുന്നതാണ്. ഒരു അനീതി മുന്നിൽ കണ്ടാലും അവർ മിണ്ടില്ല”.

”ആക്രമിക്കപ്പെട്ട കുട്ടിയുടെ വിഷയം അമ്മ എന്ന സംഘടനയ്ക്ക് പ്രധാനമല്ല. അവർക്ക് ദിലീപിന്റെ വിഷയമാണ് പ്രധാനം. ദിലീപ് അവരുടെ അംഗമാണ്. അവർ അത് ചർച്ച ചെയ്യട്ടെ. പക്ഷേ, എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട കുട്ടിയുടെ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യാൻ കഴിയാത്തത്? അത് അങ്ങനെയാണ്. അതൊന്നും അവർക്ക് മനസ്സിലാകുക പോലുമില്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചില ആളുകളുടെ കൈയ്യിൽ ഏൽപ്പിക്കപ്പെട്ടിരിക്കയാണന്നും അഭിമുഖത്തിൽ ആഷിക് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ