ഏറെ വിയോജിപ്പുകൾക്കിടയിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലേറാൻ ഒരുങ്ങുമ്പോൾ ആശംസകൾ നേരുകയാണ് സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും.
“മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്. ‘നവകേരളം’ എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും.”
“കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും, ജനങ്ങൾക്കിടയിൽ…. ടീച്ചർക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും, എം ബി രാജേഷിനും, കെ എൻ ബാലഗോപാലിനും, വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ,” എന്നാണ് ആഷിഖ് കുറിക്കുന്നത്.

“സ്ത്രീകളുടെ ജീവിതങ്ങൾ, ശരീരങ്ങൾ, കഠിനാധ്വാനം എന്നിവയെ ഉപയോഗിച്ച ശേഷം ഒതുക്കിനിർത്തി, വീണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക എന്നത് പുരുഷ-കഥകളിൽ എന്നുമുള്ളതാണ്. അത് ആവർത്തിക്കുമ്പോൾ, ആ പാറ്റേൺ ഞങ്ങൾക്ക് തിരിച്ചറിയാം.
ശബരിമല വിഷയത്തിൽ ബി ജെ പി ഞങ്ങളുടെ ‘ശുദ്ധി’യെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചപ്പോൾ, ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അത് മനസ്സിലായിട്ടുണ്ട്. വനിതാ മതിലിനു സഹോദരിമാരുടെ കൈകോർത്ത് നിൽക്കാനുള്ള ഇച്ഛാശക്തിയുണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് എനിക്ക് ചുറ്റും നടക്കുന്നത് എന്തെന്ന് മനസ്സിലാവാൻ, അത് ചരിത്രത്തോട് ചേർത്ത് വച്ച് വായിക്കാൻ എനിക്ക് പ്രയാസമില്ല.
ഇത് എനിക്ക് പേർസണൽ ആണ്. പേർസണൽ എന്നത് പൊളിറ്റിക്കലുമാണ്.
പാർട്ടി ശൈലജ ടീച്ചറെ തിരിച്ചു കൊണ്ട് വരും എന്നൊന്നും കരുതുന്നില്ല. പക്ഷേ ഞങ്ങളുടെ പ്രതിഷേധം, വിയോജിപ്പ് എന്നിവ ഇന്നലത്തെ, ഇന്നത്തെ, നാളത്തെ സ്ത്രീ തലമുറകൾക്ക് വേണ്ടി, വ്യക്തമായും ശക്തമായും രേഖപ്പെടുത്തേണ്ടതുണ്ട്.
പുതിയ മൂന്നു വനിതാ മന്ത്രിമാർക്കും, പുതിയ മന്ത്രിസഭയ്ക്കും വിജയാശംസകൾ.
ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായിമാറും,” റിമ കുറിക്കുന്നു.

പുതിയ മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജ ടീച്ചറിനെ ഒഴിവാക്കിയതിനെ വിമർശിച്ച് ഇന്നലെ സിനിമാലോകത്തുനിന്നും നിരവധിപേർ രംഗത്ത് എത്തിയിരുന്നു.
Read more: ടീച്ചറെ തിരിച്ചു കൊണ്ടു വരണം; പ്രതിഷേധിച്ച് താരങ്ങൾ