സമീപകാലത്ത് നിരവധി അഭിനേതാക്കളാണ് സംവിധാന രംഗത്ത് പരീക്ഷണം നടത്തിയത്. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ എന്നിവരുടെ ഈ നിരയിലേക്ക് പുതിയൊരാൾ കൂടിയെത്തുന്നു. അത് മറ്റാരുമല്ല, വിനായകനാണ്. സംവിധായകൻ ആഷിക്ക് അബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ‘പാർട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്.
Read More: ‘പത്തൊമ്പതാം നൂറ്റാണ്ടു’മായി വിനയന്, സ്വപ്ന ചിത്രം നിര്മിക്കുന്നത് ഗോകുലം ഗോപാലന്
വിനായകൻ തന്നെ തിരക്കയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒപിഎം ബാനറിന്റെ കീഴിൽ ആഷിക്ക് അബുവും റിമ കല്ലിങ്കലുമാണ് നിർമിക്കുന്നത്.
“നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. ‘പാർട്ടി’ അടുത്ത വർഷം,” എന്ന കുറിപ്പോടെയാണ് ആഷിക്ക് അബു പോസ്റ്റ് പങ്കുവച്ചത്.
മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായാണ് വിനായകൻ അഭിനയരംഗത്തേക്ക് രംഗപ്രവേശം ചെയ്തത്. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്
മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതനാക്കിയത്. ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ് വിനായകന്റെ പ്ലസ് പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.2012-ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.