കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ സിനിമ മേഖല വീണ്ടും സജീവമാവുകയാണ്. സീരിയലുകൾക്ക് പിന്നാലെ ചില സിനിമകളുടെ ചിത്രീകരണവും ഡബ്ബിങ്ങുമെല്ലാം പുരോഗമിക്കുകയാണ്. കൊറോണ പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം പുഃനരാരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആഷിഖ് അബു നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹാഗറും ജൂലൈ അഞ്ച് മുതൽ ചിത്രീകരണം ആരംഭിക്കുന്നു. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആഷിക് അബുവിന്റെ ഒപിഎം സിനിമാസ് നിര്‍മ്മിക്കുന്ന ‘ ഹാഗര്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹര്‍ഷദ് ആണ്. റിമാ കല്ലിങ്കലും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങള്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ടയുടെ രചയിതാവാണ് ഹര്‍ഷദ്. ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. രാജേഷ് രവിയും ഹര്‍ഷദു ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഗാനരചന മുഹസിന്‍ പരാരിയും സംഗീത സംവിധാനം യാക്‌സനും നേഹയും. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്. ചീഫ് അസോസിയേറ്റ് ബിനു പപ്പു.

ഇത്തരത്തിൽ പത്തു സിനിമകളുടെ ഇൻഡോർ ഷൂട്ടിംങ്ങാണ് പുനരാരംഭിക്കുന്നത്. ലാലും മകൻ ജീൻ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. സ്ക്രിപ്റ്റിൽ അടക്കം നിരവധി മാറ്റങ്ങൾ വരുത്തിയാണ് ‘സുനാമി’യുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് ‘സുനാമി’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook