Virus Trailer Release: നിപ്പയെ അതിജീവിച്ച കേരളത്തിന്റെ കഥയുമായി ‘വൈറസ്’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ കാത്തിരിക്കുന്ന പ്രേക്ഷകരെ കൂടുതല്‍ ആകാംഷാഭരിതരാക്കിയിരിക്കുകയാണ് ട്രെയിലറും. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീതവും സൈജു ശ്രീധരന് എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.
Read More: ആരോഗ്യമന്ത്രി ശൈലജ ടീച്ചറല്ലേ ഇത്!; ഞെട്ടിച്ച് ‘വെെറസി’ലെ രേവതി