കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ പലരും ഉന്നയിച്ച സംശയമായിരുന്നു ഈ സാഹചര്യം കണക്കിലെടുത്ത് ആഷിഖ് അബു ചിത്രം ‘വൈറസി’ന്റെ റിലീസ് മാറ്റിവയ്ക്കുമോ ഇല്ലയോ എന്നത്. റിലീസ് മാറ്റിവയ്ക്കണം അല്ലാത്തപക്ഷം ചിത്രം ആളുകളില്‍ ഭീതിയുണര്‍ത്തും എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍, ചിത്രം ഇപ്പോള്‍ തന്നെ റിലീസ് ചെയ്യേണമെന്നും ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നും മറ്റൊരു വിഭാഗം വാദിച്ചു. ഒടുവില്‍ ചിത്രം ജൂണ്‍ ഏഴിന് തന്നെ എത്തും എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിലീസ് മുമ്പ് നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തെ കുറിച്ചുമാണ് ‘വൈറസ്’ പറയുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

Read More: നിപയെ കുറിച്ചുള്ള പോസ്റ്റ് ‘വൈറസി’ന്റെ പരസ്യമെന്ന് ആരോപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടൊവിനോ

അതേസമയം തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ നിപയെ കുറിച്ചുള്ള അവബോധം നല്‍കുന്ന പോസ്റ്റ് മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ എല്ലാം പങ്കു വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച കുറിപ്പ്, ടോവിനോ അഭിനയിക്കുന്ന ആഷിക് അബുവിന്റെ പുതിയ ചിത്രം ‘വൈറസി’നുള്ള പ്രമോഷനാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. അത് ഉന്നയിച്ച ആള്‍ക്ക് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്.

‘നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,’ എന്നാണ് പൂവത്ത് സിദ്ദിഖ് എന്നയാള്‍ നിപാ അവബോധവുമായി ബന്ധപ്പെട്ട ടോവിനോയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

‘ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത്,’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളായും പിന്തുണയായും നിരവധി പേര്‍ എത്തുന്നുണ്ട്.

Read More: പ്രൊമോഷന്‍ നിര്‍ത്തിവച്ച് ടീം ‘വൈറസ്’

റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് എന്നിവര്‍ക്ക് പുറമേ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ദർശന രാജേന്ദ്രൻ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ആഷിഖ് അബുവിന്റെയും റിമയുടേയും ഉടമസ്ഥതയിലുള്ള ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. ജൂണ്‍ ഏഴിന് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസാണ് തീരുമാനിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook