കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധയെ ഇതിവൃത്തമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ തുടക്കം. നാല് മാസം മുമ്പാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
വന്‍ താരനിരയാണ് ചിത്രത്തിനായി അണി ചേരുന്നത്. ടൊവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ശ്രീനാഥ് ഭാസി, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കും. ഫഹദ് ഫാസിൽ അതിഥി താരമായി എത്തും. വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുക. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദും, സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥാ രചന. സംഗീത സംവിധാനം യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ സുശിന്‍ ശ്യാം നിര്‍വ്വഹിക്കും.
നിപ്പയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒരു വന്‍ വിജയം തന്നെ ആയിരുന്നു. എന്നാല്‍ കോഴിക്കോടിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളെ എല്ലാം നിപ്പ വൈറസ് ബാധ പ്രതികൂലമായി ബാധിച്ചിരുന്നു. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ജീവിതമാകും ചിത്രത്തിന് കെട്ടുറപ്പ് നല്‍കുക എന്നാണ് സൂചനകള്‍. നിരവധി പേരെ ശ്രുശ്രൂഷിച്ച ശേഷമാണ് നിപ്പ വൈറസ് ബാധിച്ച് ലിനി മരിച്ചത്.
Read More: കണ്‍മുന്നില്‍ കണ്ട കാഴ്ച്ചകള്‍ സ്ക്രീനിലേക്ക്; ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘വൈറസ്’
അതേസമയം നിപ്പ വൈറസ് ബാധയെ കുറിച്ച് താന്‍ സിനിമ ചെയ്യുന്നതായി നേരത്തേ സംവിധായകന്‍ ജയരാജ് വ്യക്തമാക്കിയിരുന്നു. രൗദ്രം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കരുണം, ശാന്തം, വീരം, ഭയാനകം തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായാണ് ഇത് ചെയ്യുന്നതെന്ന് ജയരാജ് പറഞ്ഞിരുന്നു. തനിക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിത്തന്ന ഭയാനകവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ കോഴിക്കോട് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ജയരാജ് പുതിയ സിനിമയുടെ കാര്യം അറിയിച്ചത്.
എന്നാല്‍ ആഷിഖ് അബു തന്റെ ചിത്രം പ്രഖ്യാപിച്ചതിന് ശേഷം ജയരാജ്, ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. തന്നെക്കാള്‍ നന്നായി ആഷിഖ് അബുവിന് ചെയ്യാന്‍ സാധിക്കും എന്നു പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം.