scorecardresearch
Latest News

‘മായാനദി’ വീണ്ടും തിയേറ്ററുകളിലേക്ക്; റീ റീലിസ് ചെയ്യുന്ന രണ്ടാമത്തെ ടൊവിനോ ചിത്രം

ഏതെല്ലാം കേന്ദ്രങ്ങളിലാണ് റീ റിലീസ് എന്ന വിവരവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.

‘മായാനദി’ വീണ്ടും തിയേറ്ററുകളിലേക്ക്; റീ റീലിസ് ചെയ്യുന്ന രണ്ടാമത്തെ ടൊവിനോ ചിത്രം

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ആഷിഖ് അബു ഒരുക്കിയ സൂപ്പര്‍ഹിറ്റ് പ്രണയചിത്രം ‘മായാനദി’ വീണ്ടും തിയേറ്ററുകളിലേക്ക്. ഇന്നു മുതലാണ് കേരളത്തിലെ ഏതാനും തിയേറ്ററുകളില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നതിനൊപ്പം ഏതെല്ലാം കേന്ദ്രങ്ങളിലാണ് റീ റിലീസ് എന്ന വിവരവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, വളാഞ്ചേരി, മുക്കം, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് മായാനദി വീണ്ടും എത്തുന്നത്.

2017 ഡിസംബര്‍ 22 നാണ് ‘മായാനദി’ പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ഡിവിഡി ഓഗസ്‌റ്റോടെ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ നേരത്തേ അറിയിച്ചത്. ചിത്രം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങിയതോടെ ‘മായാനദി’യെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സോഷ്യൽ മീഡിയയില്‍ സജീവമായി. ഈ പശ്ചാത്തലത്തിലാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്.

സന്തോഷ് ടി.കുരുവിളയും ആഷിഖ് അബുവും ചേർന്നു നിർമ്മിച്ച ചിത്രമാണ് ‘മായാനദി’. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് റെക്‌സ് വിജയനാണ്. ചിത്രത്തിലെ മിഴിയിൽ നിന്നും എന്ന ഗാനം ആലപിച്ച ഷഹബാസ് അമനായിരുന്നു ഇത്തവണത്തെ സംസ്ഥാന പുരസ്കാരം.

ടൊവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രവും നേരത്തേ റീ റിലീസ് ചെയ്തിരുന്നു. ആദ്യം റിലീസ് ചെയ്തപ്പോള്‍ ഗപ്പിയ്ക്ക് തിയേറ്ററില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ബോക്‌സോഫീസിലും ചിത്രം പരാജയമായിരുന്നു. എന്നാല്‍ ടൊറന്റില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം വീണ്ടും തിയേറ്ററിലെത്തിച്ചത്.

തേജസ് വര്‍ക്കി എന്ന എൻജിനീയറായാണ് ടൊവിനോ ഗപ്പിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ കഥാപാത്രം എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണെന്ന് ടൊവിനോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് മാസ്റ്റന്‍ ചേതന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aashiq abu movie mayaanadhi re releases tovino thomas aishwarya lekshmi