കൊച്ചി: സംവിധായകരായ അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് വിതരണ കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് സംവിധായകനായ ആഷിഖ് അബു രംഗത്ത്. കോരചേട്ടൻ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. “ഞങ്ങൾ സിനിമകൾ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതിൽ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങൾ ഞങ്ങളെ ഊരുവിലക്കാൻ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടെന്നും ആഷിഖ് കുറിച്ചു.
സി.ഐ.എ, കെയര്‍ഫുള്‍, ഗോദ, രക്ഷാധികാരി ബൈജു എന്നീ സിനിമകള്‍ വിതരണം ചെയ്ത സുരേഷ് ബാലാജിയുടെ വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സ്, എആന്‍ഡ്എ റിലീസ്, അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്, ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്, എവിഎ, ഹണ്ട്രഡ് മങ്കീസ് എന്നീ ബാനറുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
സമരം നിലനില്‍ക്കെ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് സിനിമകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന സംവിധായകര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മള്‍ട്ടിപ്ലക്‌സുകളിലെ വിതരണ വിഹിതത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും സമരത്തിനിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ സംവിധായകര്‍ സമരത്തില്‍ സഹകരിക്കാതെ സാമ്പത്തിക നഷ്ടം ഭയന്ന് തങ്ങളുടെ സിനിമകള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയതാണ് വിലക്കിലേക്ക് നീങ്ങിയത്.