ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ‘മറഡോണ’യുടെ സംവിധായകന്‍ വിഷ്ണു നാരയണിനെ പരിചയപ്പെടുത്തി ആഷിഖ് അബു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആഷിഖ് മലയാളികള്‍ക്കു മുന്നില്‍ വിഷ്ണുവിനെ പരിചയപ്പെടുത്തിയത്. ‘ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മറ്റൊരു ഫിലിം മേക്കര്‍’ എന്നാണ് ആഷിഖ് അബു വിഷ്ണുവിനെക്കുറിച്ചു പറഞ്ഞത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവിട്ടിരുന്നു. കഥാപാത്രത്തിന്റെ മുഖം കാണിക്കാതെയുള്ള പോസ്റ്ററായിരുന്നു അന്ന് പുറത്തിറക്കിയത്.

പുതുമുഖമായ ശരണ്യ എസ്.നായരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇവരെക്കൂടാതെ ലിയോണ ലിഷോയ്, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.വിനോദ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

ചിത്രത്തിന്റെ പേര് മറഡോണ എന്നാണെങ്കിലും ഇതൊരു ഫുട്‌ബോള്‍ സിനിമയല്ലെന്നും ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഫീല്‍ ഗുഡ് സിനിമയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി.മേനോനാണ്. സംഗീതം സുഷിന്‍ ശ്യാം. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രങ്ങൾക്ക്: കടപ്പാട് ഫെയ്സ്ബുക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ