Aashiq Abu on Virus: കേരളത്തെ ഭീതിയുടെ നാളുകളിലേക്ക് തള്ളിയിട്ട നിപ കാലത്തിന്റെ അതിജീവന കഥ പറയുന്ന ചിത്രമാണ് ‘വൈറസ്’. വന്‍ താരനിരയോടെ ഒരുക്കിയിരിക്കുന്ന ‘വൈറസ്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. നിപയെ കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയ കാലം മുതലേ ഇത്തരത്തില്‍ ഒരു ചിത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്.

‘ആദ്യ കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സമയം മുതലേ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു. വൈറസിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പെരാരിയുടെ ബന്ധു കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയെ ചികിത്സിച്ചത് അദ്ദേഹമായിരുന്നു. അതിനാല്‍ ആശുപത്രിയില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു,’ ആഷിഖ് അബു പറയുന്നു.

 

നിപ പടര്‍ന്ന കാലത്ത് രോഗികളും അവരുടെ കുടുംബങ്ങളും സാമൂഹിക വിലക്ക് നേരിട്ടിരുന്നു എന്നും ആഷിഖ് അബു പറയുന്നു.

‘കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആ നാളുകളില്‍ വലിയ ഭീതിയുണ്ടായിരുന്നു. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, രോഗം ബാധിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കും അന്ന് സാമൂഹിക വിലക്ക് വരെ ഉണ്ടായിരുന്നു. തെരുവുകളിലൊന്നും ആരും ഉണ്ടായിരുന്നില്ല. സാധാരണയായി നല്ല തിരക്കുണ്ടാവാറുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗമൊക്കെ ആളൊഴിഞ്ഞ് കിടന്നു. ബസുകളിലും മറ്റും ആളുകള്‍ വിട്ടുവിട്ടിരുന്നു.

എന്നാല്‍ അതിനെതിരെ പോരാടാനുള്ള കൂട്ടായ ആവേശമാണ് എന്നെ ആകര്‍ഷിച്ചത്. മെഡിക്കല്‍ വേസ്റ്റുകള്‍ നശിപ്പിക്കുന്ന ജോലിക്കാരില്‍ നിന്നും, ആംബലുന്‍സ് ഡ്രൈവര്‍മാരില്‍ നിന്നുമൊക്കെയാണ് ശരിക്കും അത് കാണാന്‍ സാധിച്ചത്. അവര്‍ മുന്നോട്ട് വന്ന് സ്വന്തം ജീവന്‍ പോലും അപകടത്തില്‍ നിര്‍ത്തി ഇതിനെതിരെ പോരാടി. മറ്റുള്ളവരെ പോലെ തുടക്കത്തില്‍ അവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ പോരാടി. ഈ കഥാപാത്രങ്ങളോടും അവരുടെ കഥകളോടും നീതിപുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്,’ ആഷിഖ് അബു പറയുന്നു.

revathy as health minister kk shailaja in virus

Read More: ആരോഗ്യമന്ത്രിയായി രേവതി

Aashiq Abu on Virus: കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ വേഷത്തില്‍ രേവതി,  നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്. ‘വൈറസ് ഇന്ന് റിലീസ് ചെയ്യും.

Follow Virus Movie Release & Review Live Updates Here: അതിജീവനത്തിന്റെ കഥയുമായി ‘വൈറസ്’ തിയേറ്ററുകളിലേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook