ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി. ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ‘വൈറസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കേരളത്തില്‍ ഭീതി പരത്തിയ നിപ്പ വൈറസ് ബാധയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ആഷിഖ് സ്ഥിരീകരണം നടത്തിയിട്ടില്ല. നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വന്‍താര നിരയാണ് ചിത്രത്തിനായി അണി ചേരുന്നത്. ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, കാളിദാസ് ജയറാം, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരൊക്കെ ചിത്രത്തില്‍ അഭിനയിക്കും. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം നിര്‍വഹിക്കും.
നിപ്പയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒരു വന്‍ വിജയം തന്നെ ആയിരുന്നു. എന്നാല്‍ കോഴിക്കോടിന്‍റെ സാമൂഹിക, സാന്പത്തിക, സാംസ്കാരിക മേഖലകളെ എല്ലാം നിപ്പ വൈറസ് ബാധ പ്രതികൂലമായി ബാധിച്ചിരുന്നു. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ജീവിതമാകും ചിത്രത്തിന് കെട്ടുറപ്പ് നല്‍കുക എന്നാണ് സൂചനകള്‍. നിരവധി പേരെ ശ്രുശ്രൂഷിച്ച ശേഷമാണ് നിപ്പ വൈറസ് ബാധിച്ച് ലിനി മരിച്ചത്. അതേസമയം നിപ്പ വൈറസ് ബാധയെ കുറിച്ച് താന്‍ സിനിമ ചെയ്യുന്നതായി നേരത്തേ സംവിധായകന്‍ ജയരാജ് വ്യക്തമാക്കിയിരുന്നു. രൗദ്രം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കരുണം, ശാന്തം, വീരം, ഭയാനകം തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായാണ് ജയരാജ് ഈ സിനിമ ചെയ്യുന്നത്. തനിക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിത്തന്ന ഭയാനകവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ കോഴിക്കോട് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ജയരാജ് പുതിയ സിനിമയുടെ കാര്യം അറിയിച്ചത്.