/indian-express-malayalam/media/media_files/2026/02/05/aashaan-movie-review-2026-02-05-14-21-23.jpg)
Aashaan Film Review & Rating: സിനിമ എന്ന മാസ്മരിക ലോകം സ്വപ്നം കാണുന്നവരുടെയും ആ ലോകത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെയും കഥ പറയുന്ന ചിത്രമാണ് ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ'. ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ മികവിനെയും സിനിമയോടുള്ള ഒരു കൂട്ടം യുവാക്കളുടെ ആവേശത്തെയും അടയാളപ്പെടുത്തുകയാണ് ഈ ചിത്രം.
വനയോര ഗ്രാമത്തിന്റെ പച്ചപ്പിൽ നിന്ന് വെള്ളിത്തിരയുടെ മാസ്മരിക ലോകത്തേക്ക് സ്വപ്നങ്ങളുമായി വണ്ടി കയറിയ സാധാരണക്കാരനായ ഒരു യുവാവാണ് അനന്തരാമൻ. സിനിമയെ നെഞ്ചോട് ചേർക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധിയായി അനന്തൻ മാറുമ്പോൾ, ആ കഥാപരിസരം കൂടുതൽ ഹൃദ്യമാകുന്നു. ഒരു സിനിമാ സംവിധായകനാവുക എന്ന ലക്ഷ്യത്തിലേക്കുള്ള അവന്റെ പാതയിൽ തടസ്സങ്ങൾ ഏറെയായിരുന്നു. സിനിമാ താവളങ്ങളിൽ അവസരം ചോദിച്ചു അലയുന്ന, ഇൻഫ്ലുവൻസുകൾ ഇല്ലാത്ത എല്ലാ തുടക്കക്കാരുടെയും മുഖമാണ് അനന്തരാമന്. അവസരങ്ങളൊന്നും ലഭിക്കാതെ നിരാശനായിരിക്കെ ഒടുവിൽ സിനിമയിലേക്കുള്ളൊരു വാതിൽ അയാൾ തന്നെ കണ്ടെത്തുന്നു. ശ്രമകരമായ ഒരു ഉദ്യമത്തിനൊടുവിൽ പ്രശസ്തനായൊരു സംവിധായകന്റെ പുതിയ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുള്ള അവസരം അയാൾ നേടിയെടുക്കുന്നു.
Also Read: ധുരന്ധർ 2 നെറ്റ്ഫ്ളിക്സിലില്ല; ജിയോഹോട്സ്റ്റാറിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങൾ
ഒരു ഫ്ളാറ്റിനെ കേന്ദ്രീകരിച്ച് നടക്കുന്ന സിനിമയാണത്. അവിടെ സിനിമാടീമിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ആശാൻ ആണ്. ആ ഫ്ലാറ്റിലുള്ളവർക്കെല്ലാം ഏറെ പ്രിയപ്പെട്ടയാളാണ് ആശാൻ. എന്നാൽ, ഷൂട്ടിംഗ് പുരോഗമിക്കവെ ഉണ്ടാവുന്ന ചില സംഭവവികാസങ്ങൾ ആശാനും അനന്തനും സിനിമായൂണിറ്റിനുമിടയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. ആ പ്രതിസന്ധികളെ ആശാനും അനന്തനും എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് ചിത്രം പറയുന്നത്.
ഫുൾ ടൈം ആക്റ്റീവായ, സിനിമാമോഹിയായ ആശാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രൻസാണ്. കാഴ്ചക്കാരെ രസിപ്പിച്ചും ചിരിപ്പിച്ചും കണ്ണു നനയിച്ചുമെല്ലാം ഇന്ദ്രൻസ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ തുടങ്ങുന്ന പ്രകടനം പിന്നീട് വൈകാരികമായ തലങ്ങളിലേക്ക് ഉയരുമ്പോൾ, ഇന്ദ്രൻസ് എന്ന നടന്റെ റേഞ്ച് ഒരിക്കൽ കൂടി വ്യക്തമാകുന്നു. കാഴ്ചക്കാരുടെ കണ്ണുനിറയ്ക്കുന്ന നിമിഷങ്ങളിലും അദ്ദേഹം പുലർത്തുന്ന സ്വാഭാവികത സിനിമയ്ക്ക് കരുത്തായി മാറുന്നു.
Also Read: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ
സിനിമയോടുള്ള അടങ്ങാത്ത ആവേശം ഉള്ളിലൊതുക്കി, പ്രതിസന്ധികൾക്കിടയിലും പതറാതെ നിൽക്കുന്ന അനന്തനായി ജോമോൻ ജ്യോതിർ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പ്രത്യേകിച്ച്, വൈകാരികമായ സന്ദർഭങ്ങളിൽ അമിതാഭിനയമില്ലാതെ, വളരെ പക്വതയോടെയും കയ്യടക്കത്തോടെയും ജോമോൻ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കണിശക്കാരനും എപ്പോഴും ദേഷ്യക്കാരനുമായ ഒരു സിനിമാ സംവിധായകന്റെ വേഷത്തിൽ ഷോബി തിലകൻ എത്തുന്നു. നൂറോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.
സിനിമ എന്ന മാധ്യമത്തിന്റെ പിന്നാമ്പുറക്കാഴ്ചകൾ പ്രമേയമാക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. 'ആശാൻ' എന്ന ചിത്രത്തിലും അത്തരം നിരവധി രസകരമായ മുഹൂർത്തങ്ങളുണ്ട്. ക്യാമറയ്ക്ക് പിന്നിലെ അധ്വാനവും ഒരു രംഗം സ്ക്രീനിലെ മാജിക്കായി മാറുന്ന ആ 'സിനിമാ രസക്കൂട്ടും' സംവിധായകൻ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
എങ്കിലും, ആകെത്തുകയിൽ പരിശോധിക്കുമ്പോൾ ചിത്രം ചില പോരായ്മകളിൽ തട്ടിനിൽക്കുന്നുണ്ട്. അതിൽ പ്രധാനം, തിരക്കഥയിലെ പാളിച്ചയാണ്. ചിത്രത്തിന്റെ നട്ടെല്ലാവേണ്ട തിരക്കഥ പലപ്പോഴും വേണ്ടത്ര ഭദ്രമല്ല. കഥാഗതിയിലെ കെട്ടുറപ്പില്ലായ്മ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ചില സന്ദർഭങ്ങൾ അനാവശ്യമായി വലിച്ചുനീട്ടിയത് കാഴ്ചക്കാരിൽ വിരസത പടർത്തുന്നു. ഇത് സിനിമയുടെ വേഗതയെ തടസ്സപ്പെടുത്തുന്നുണ്ട്. ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി, ഒടുവിൽ വലിയ പരിക്കുകളില്ലാതെ 'ക്രാഷ് ലാൻഡ്' ചെയ്ത ഒരു വിമാനം പോലെയാണ് ഈ ചിത്രം സമ്മാനിക്കുന്ന അനുഭവം. സിനിമയെ സ്നേഹിക്കുന്നവർക്ക് ചില ഭാഗങ്ങൾ ഇഷ്ടപ്പെടുമെങ്കിലും, ഒരു പൂർണ്ണ തൃപ്തി നൽകുന്ന സിനിമാനുഭവമാവാൻ 'ആശാൻ' ഒരല്പം കൂടി അധ്വാനിക്കേണ്ടിയിരുന്നു.
'ഗപ്പി', 'അമ്പിളി' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: കാണാതായ ആ കൈകുഞ്ഞ് എവിടെ? സസ്പെൻസ് നിറച്ച് 'ബേബി ഗേൾ', റിവ്യൂ
വിമൽ ജോസ് തച്ചിൽ ഒരുക്കിയ വിഷ്വലുകൾ ചിത്രത്തിന് ഒരു റിയലിസ്റ്റിക് ഫീൽ നൽകുന്നുണ്ട്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺ പോൾ നൽകിയ ഈണങ്ങൾ ഹൃദ്യമാണ്. അജീഷ് ആന്റോയുടെ ബി.ജി.എം ചിത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ചുരുക്കത്തിൽ, സിനിമയെ സ്നേഹിക്കുന്നവർക്കും സിനിമാ നിർമ്മാണത്തിലെ കൗതുകങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർക്കും 'ആശാൻ' കൗതുകം ജനിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും. ചിലയിടങ്ങളിൽ വിരസത അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ദ്രൻസ് എന്ന നടന്റെ സാന്നിധ്യവും ചിത്രത്തിന്റെ സാങ്കേതിക മികവും സിനിമയെ വലിയ പരിക്കുകളില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.
Read More: നേർക്കുനേർ ബിജു മേനോനും ജോജുവും, ഒരു ഡീസന്റ് വാച്ച്; വലതുവശത്തെ കള്ളൻ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us