/indian-express-malayalam/media/media_files/uploads/2018/03/aishwarya-aradhya.jpg)
അപ്പൂപ്പന്‍ അമിതാഭ് ബച്ചനാണ് കൊച്ചു മകളുടെ ഏറ്റവും പുതിയ ചിത്രം തന്‍റെ ബ്ലോഗിലൂടെ പുറത്തു വിട്ടത്. വെള്ള ഉടുപ്പ് ധരിച്ചു, വളരെ നല്ല കുട്ടിയായി ഒരു പ്ലേറ്റ് പിടിച്ചിരിക്കുന്ന ആരാധ്യ. അപ്പൂപ്പന്‍ അഭിനയിച്ച പുതിയ പരസ്യം തനിക്കു വളരെ ഇഷ്ടപ്പെട്ടു എന്ന് ആരാധ്യ പറഞ്ഞതായി അമിതാഭ് ബച്ചന്‍ ചിത്രത്തിനോടൊപ്പം കുറിച്ചു. ഈ ചിത്രവും, അമ്മ ഐശ്വര്യാ റായ്‌യുടെ ചെറുപ്പകാലത്തെ ചിത്രവുമായുള്ള സാമ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
എല്ലാവരും താരങ്ങളായ ബച്ചന്‍ കുടുംബത്തിലെ പുതിയ താരമാണ് ഐശ്വര്യാ റായ്-അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ. കുഞ്ഞു ആരാധ്യ എവിടെപ്പോയാലും കൂട്ടിനുണ്ടാകും ക്യാമറകള്‍. അച്ഛന്‍ അഭിഷേകിന്‍റെ ഉടമസ്ഥതയിലുള്ള 'ചെന്നൈയിന്‍ എഫ്‌സി' യുടെ കളി കാണാന്‍ മുതല്‍ അമ്മ ഐശ്വര്യയ്ക്കൊപ്പം എല്ലായിടത്തും പോകാറുണ്ട് ബച്ചന്‍ കുടുംബത്തിലെ കുട്ടി താരം.
"ഞാന്‍ ഇത്തരം തിരക്കുകളെ അറിഞ്ഞു തുടങ്ങിയത് എന്‍റെ ഇരുപതുകളിലാണെങ്കില്‍ ആരാധ്യ കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങി ഇതെല്ലാം കാണുന്നുണ്ട്. അതവള്‍ക്ക് 'നോര്‍മല്‍' ആണോ? എനിക്കറിയില്ല. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ അത്ര നോര്‍മലായ ഒന്നല്ല. പക്ഷെ, പെട്ടന്നൊരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴല്ല അവള്‍ ഇതൊന്നും കാണുന്നത്.
ഞങ്ങളുടെ വീടിനു പുറത്തും എയര്‍പോര്‍ട്ടിലുമെല്ലാം മാധ്യമപ്രവര്‍ത്തകരെ കാണുന്നത് അവള്‍ക്ക് ശീലമായി. അത് അപൂര്‍വ്വമായ ഒന്നല്ലെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം", 'നോര്‍മല്‍' അല്ലാതെയാകുന്ന മകളുടെ ബാല്യത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര കണ്ടു സജീവമല്ലാത്ത ഐശ്വര്യ ഇപ്പോള്‍ കുടുംബജീവിതത്തിന്‍റെ തിരക്കുകളിലാണ്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയ്ക്ക് ചില പ്രധാന ചിത്രങ്ങള്‍ ചെയ്യുന്നതൊഴിച്ചാല്‍ ഇപ്പോള്‍ ഐശ്വര്യയുടെ ജീവിതം മകള്‍ ആരാധ്യയെ ചുറ്റിപറ്റിയാണ്. മകളുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ഏതൊരു സാധാരണ അമ്മയേയും പോലെയാണ് താനുമെന്ന് അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിരുന്നു.
"ഞാന്‍ എപ്പോഴും അവളോട് ഒരു സാധാരണ അമ്മയായാണ് പെരുമാറിയിട്ടുള്ളത്. അവള്‍ക്കൊപ്പം ഞാന്‍ എല്ലായിടത്തും പോകാറുണ്ട്. എന്നും ഞാന്‍ അവളുടെ സ്‌കൂളില്‍ പോകാറുണ്ട്. പാര്‍ക്കില്‍, ക്ഷേത്രങ്ങളില്‍, സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ പോകാറുണ്ട്.", ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
എപ്പോഴും അമ്മ ഐശ്വര്യയ്ക്കൊപ്പം കാണപ്പെടുന്ന ആരാധ്യയെ ട്രോള്‍ ചെയ്യുന്നവരുമുണ്ട്. അവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി അഭിഷേക് ബച്ചന്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഈയടുത്ത് ഷെറിയന്‍ പതടിയന്‍ എന്നൊരു സ്ത്രീ ട്വിറ്ററില്‍ അഭിഷേക് ബച്ചനോട് ഇങ്ങനെ ചോദിച്ചു, "നിങ്ങളുടെ മകള്‍ സ്കൂളിലൊന്നും പോകാറില്ലേ, അമ്മയുടെ കൈയ്യില്‍ തൂങ്ങി എപ്പോഴും കറക്കമാണല്ലോ. ഏതു സ്കൂളാണ് കുട്ടിയെ ഇങ്ങനെ യാത്ര ചെയ്യിക്കാന്‍ അനുവാദം തരുന്നത്? ആരാധ്യയെ 'ബ്യൂട്ടി വിത്ത് ഔട്ട് ബ്രെയിന്‍സ്' (ബുദ്ധിയില്ലാത്ത സുന്ദരി) ആയി വളര്‍ത്താനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്, അഹങ്കാരിയായ അമ്മയുടെ കൈയ്യില്‍ തൂങ്ങി ഇങ്ങനെ നടന്നാല്‍ ആ കുട്ടിക്ക് ഒരു 'നോര്‍മല്‍' കുട്ടിക്കാലം എങ്ങനെ ഉണ്ടാകും?"
സ്വതവേ അപരിചിതര്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കാത്ത അഭിഷേക് മകളെ ട്രോള്‍ ചെയ്യന്നത് കണ്ടു ഉടന്‍ തിരിച്ചടിച്ചു.
"മാഡം, എല്ലാ സ്കൂളുകളിലും ആഴ്ചയവസാനം അവധിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അവള്‍ സ്കൂളില്‍ പോകാറുണ്ട്. നിങ്ങളും അത് ചെയ്യുന്നത് നന്നായിരിക്കും. ട്വീറ്റ് ചെയ്യുമ്പോള്‍ സ്പെല്ലിങ് തെറ്റാതിരിക്കാന്‍ അത് നല്ലതാണ്".
മകളെയോ ഭാര്യയെയോ കുറിച്ച് ആശാസ്യമല്ലാതെ എന്ത് കണ്ടാലും കേട്ടാലും അഭിഷേക് ഉടൻ പ്രതികരിക്കും. അടുത്തിടെ ഐശ്വര്യയുടെ കാലുകള്‍ കാണുന്ന തരത്തില്‍ ചിത്രമെടുത്ത ഒരു ഫോട്ടോഗ്രാഫറെ അടുത്ത് വിളിച്ചു അഭിഷേക് സംസാരിക്കുകയും അയാള്‍ താന്‍ എടുത്ത ചിത്രം ക്യാമറയിലൂടെ അഭിഷേകിന് കാണിച്ചു കൊടുക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്.
ഐശ്വര്യയാകട്ടെ, മകള്‍ക്ക് വേണ്ടി തന്‍റെ അഭിനയ ജീവിതം പോലും രണ്ടാം സ്ഥാനത്തേക്ക് മാറ്റിയ അവസ്ഥയിലാണ് ഇപ്പോള്‍. പൊതുവിടങ്ങളില്‍ മകള്‍ ആരാധ്യയോടൊപ്പം അല്ലാതെ ഐശ്വര്യയെ കാണുന്നത് വളരെ വിരളമാണ്. ചുറ്റും കൂടുന്ന ജനങ്ങളെയും മാധ്യമപ്രവര്‍കരെയും കണ്ടു മകള്‍ പരിഭ്രമിക്കാതിരിക്കാന്‍ ഐശ്വര്യ ശ്രദ്ധ ചെലുത്തുന്നതും കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.