ജനിച്ചതുമുതൽ തന്നെ സെലിബ്രിറ്റിയാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. അടുത്തിടെയാണ് ആരാധ്യയ്ക്ക് 6 വയസ്സ് തികഞ്ഞത്. അമ്മ ഐശ്വര്യയ്ക്ക് ഒപ്പമല്ലാതെ ആരാധ്യയെ കാണാറില്ല. ഐശ്വര്യയെപ്പോലെ ആരാധ്യയും ബോളിവുഡ് അടക്കിവാഴുമെന്ന് ആരാധകർ ഇപ്പോഴേ വിധി എഴുതി കഴിഞ്ഞു.

ഇന്നലെ രാത്രി മുംബൈ നഗരത്തിലെ റസ്റ്ററന്റിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ആരാധ്യയും ക്യാമറക്കണ്ണുകളിൽ ഉടക്കി. ബാന്ദ്രയിലെ നാര തായ് റസ്റ്ററന്റിൽ നിന്നും താര കുടുംബം പുറത്തുവരുന്നതും കാത്ത് ഫോട്ടോഗ്രാഫർമാർ കാത്തുനിൽപ്പുണ്ടായിരുന്നു. പിങ്ക് നിറത്തിലുളള ഫ്രോക്കായിരുന്നു ആരാധ്യ ധരിച്ചിരുന്നത്. ആരാധ്യയുടെ കൂട്ടുകാരിയുടെ കുടുംബവും റസ്റ്ററന്റിൽ എത്തിയിരുന്നു.

റസ്റ്ററന്റിൽനിന്നും പുറത്തിറങ്ങിയ ആരാധ്യയ്ക്ക് തന്റെ കൂട്ടുകാരിയെ വിട്ടുപിരിയാൻ കഴിഞ്ഞില്ല. കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ആരാധ്യ നിന്നു. ഒടുവിൽ ഐശ്വര്യയും കൂട്ടുകാരിയുടെ അമ്മയും ചേർന്ന് ആരാധ്യയെ സമാധാനിപ്പിച്ചു. ഐശ്വര്യ മകളെ കാറിനകത്തേക്ക് കയറ്റി. കാറിൽ കയറുന്നതിനു മുൻപ് ഐശ്വര്യ ഫോട്ടോഗ്രാഫർമാർക്ക് നേരെ കൈ വീശി കാണിക്കുകയും ചെയ്തു.

കാറിൽ കയറിക്കഴിഞ്ഞ് ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോൾ ആരാധ്യയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. അമ്മയുടെ മടിയിലിരുന്ന് ഫോട്ടോഗ്രാഫർമാരെ നോക്കി ആരാധ്യ ചിരിച്ചു. കുഞ്ഞു ആരാധ്യയുടെ ചിരി കാണാൻ മനോഹരമായിരുന്നു.

തന്റെ പുതിയ ചിത്രമായ ഫന്നി ഖാന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഐശ്വര്യ. രാജ് കുമാർ ആണ് ചിത്രത്തിലെ നായകൻ. അനിൽ കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ