/indian-express-malayalam/media/media_files/uploads/2023/03/Amitabh-Bachchan.jpg)
അമിതാഭ് ബച്ചനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ആഞ്ജൻ ശ്രീവാസ്തവ്
ബോളിവുഡ് കടന്നു പോകുന്ന മാറ്റങ്ങൾ അടുത്തറിഞ്ഞ ഒരാളാണ് നൂറോളം ചിത്രങ്ങളുടെ ഭാഗമായ നടൻ ആഞ്ജൻ ശ്രീവാസ്തവ്. സൂപ്പർ താരം അമിതാഭ് ബച്ചന്റെ കരിയറിലെ ഉയർച്ചകൾക്കും അദ്ദേഹം സാക്ഷിയായി. 1980ൽ ബെഫോഴ്സ് കേസിൽ അകപ്പെട്ട ബച്ചൻ അതിനു ശേഷം തന്റെ ആത്മവിശ്വാസം എങ്ങനെ വീണ്ടെടുത്തെന്ന് ഓർക്കുകയാണ് ആഞ്ജൻ. കുറച്ചധികം നാളുകൾക്ക് ശേഷം കേസിൽ ബച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു.
ആ കാലഘട്ടത്തിൽ അമിതാഭ് ബച്ചനെ നേരിട്ടു കാണേണ്ടി വന്ന സന്ദർഭത്തെ കുറിച്ച് രാജശ്രീ അൺപ്ലെഗ്ഡുമായിട്ടുള്ള അഭിമുഖത്തിൽ ആഞ്ജൻ സംസാരിക്കുകയുണ്ടായി. "അദ്ദേഹത്തിന്റെ മാനസീകാസ്ഥയെ കുറിച്ച് ചോദിച്ചറിയാൻ ഞാനന്ന് ഫിലിമിസ്ഥാനിലുള്ള തുഫാൻ ചിത്രത്തിന്റെ സെറ്റിൽ പോയി. ആ സമയങ്ങളിൽ അവിടെ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. പോസ്റ്ററുകൾ കീറിയെല്ലാമാണ് അവർ രോഷം അറിയിച്ചത്. എങ്ങനെയിരിക്കുന്നു എന്ന ചോദ്യത്തിന് സുഖം എന്ന് മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്."
വളരെ മോശമായ സാഹചര്യത്തിലാണ് അമിതാഭിനെ അന്ന് കണ്ടതെന്ന് താരം പറഞ്ഞു. "ആരും അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചില്ല. അലഹബാദിലുള്ള സാഹിത്യകാരന്മാർ അമിതാഭിനെ വിമർശിച്ചു കൊണ്ടേയിരുന്നു. സത്യമെന്തെന്ന് അറിയാതെ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തുക്കളും മോശമായി സംസാരിച്ചു. ഒരു തരത്തിലുള്ള സ്തബ്ധാവസ്ഥയിലായിരുന്നു അദ്ദേഹം," ആഞ്ജൻ കൂട്ടിച്ചേർത്തു.
നടൻ മാത്രമല്ല ഒരു ബാങ്കർ കൂടിയായിരുന്നു അക്കാലത്ത് ആഞ്ജൻ. അമിതാഭിന്റെ ഉടമസ്ഥതയിലുള്ള എബിസിഎൽ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം ഉൾപ്പെടുകയുണ്ടായി. "ലോണിനായി ബാങ്കറായ തന്നെ അമിതാഭ് സമീപിച്ചെന്നും താരം പറഞ്ഞു. എന്നെ കണ്ടയുടനെ അദ്ദേഹം കൈക്കൂപ്പി. പണം ഉടൻ തിരിച്ച് തരാമെന്നും പറഞ്ഞു."
"ഞങ്ങൾ നേരിട്ട് കണ്ടപ്പോൾ പണം ഉടനെ തിരിച്ച് തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങൾ അതിനല്ല വന്നത് മറിച്ച് അക്കൗണ്ടിലെ ചില തെറ്റുകൾ ചൂണ്ടികാണിക്കാനാണെന്ന് പറഞ്ഞു. നിങ്ങൾ പറ്റുന്ന സമയത്ത് പണം തിരിച്ചു തന്നാൽ മതിയെന്നും ഞാൻ ഓർമിപ്പിച്ചു. പക്ഷെ ഇതിനിടയിൽ മറ്റൊരു ബാങ്കുമായി ഇടപാടുകൾ നടത്തരുതെന്ന് നിർദ്ദേശം നൽകി. പതുക്കെ അദ്ദേഹം എന്റെ പണം തിരികെ നൽകുകയും ചെയ്തു," ആഞ്ജന്റെ വാക്കുകളിങ്ങനെ.
കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിൽ പ്രശ്നമുണ്ടായിരുന്നെന്ന് താൻ വിശ്വസിക്കുന്നതായും ആഞ്ജൻ പറഞ്ഞു. "എബിസിഎൽ ന് അക്കൗണ്ട് ഉണ്ടായിരുന്നപ്പോൾ അതിൽ അദ്ദേഹം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ആ സമയങ്ങളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി, പലരും അവിടെയെത്തി അമിതാഭിനെ പരിഹസിക്കും. ഇതാണ് ഞാനും എന്റെ മാനേജറും മനസ്സിലാക്കിയത്."
"എബിസിഎൽ നഷ്ടം നേരിട്ട സമയത്തെല്ലാം അമിതാഭ് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 2000ൽ കോൻ ബനേഗ ക്രോർപതിയുടെ വിജയത്തിനു ശേഷം ഒരുപാട് കടങ്ങൾ അദ്ദേഹത്തിന് കൊടുത്ത് തീർക്കാൻ സാധിച്ചു." കോൻ ബനേഗ ക്രോർപതി വന്ന ശേഷം അമിതാഭ് പഴയ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ജീവിതത്തിൽ നിന്ന് ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്നും ആഞ്ജൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.