മഹാഭാരതം സിനിമയാകുന്നു എന്ന ചര്‍ച്ചകള്‍ സിനിമാ മേഖലയില്‍ നിന്നും ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സംവിധായകന്‍ ആര്‍.എസ്.വിമല്‍, വിക്രമിനെ നായകനാക്കി മഹാവീര്‍ കര്‍ണന്‍ എന്ന പേരില്‍ ചിത്രമെടുക്കുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. അതിനിടയില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ മഹാഭാരതത്തില്‍ നായകനാകുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ആമിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നു. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് ഷാരൂഖ് പറഞ്ഞത്.

ആമീര്‍ ഖാന്റെ സ്വപ്‌ന പദ്ധതിയാണ് മഹാഭാരതം. അതുകൊണ്ടാണ് അദ്ദേഹം രാകേഷ് ശര്‍മ്മയുടെ ബയോപിക് വേണ്ടെന്ന് വച്ചത്. ഷാരൂഖ് ആയിരിക്കും രാകേഷ് വർമ്മയുടെ ബയോപിക്കില്‍ പ്രധാന വേഷത്തില്‍ എത്തുക. ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഞ്ജൂം രാജബാലി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആമിര്‍ മഹാഭാരതത്തിന്റെ തിരക്കിലാണെന്നും അതുകൊണ്ടാണ് അദ്ദേഹം ബയോപിക് വേണ്ടെന്ന് വച്ചതെന്നുമാണ് അഞ്ജൂം പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ആ വേഷം ആമിര്‍ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. കഥാപാത്രം അദ്ദേഹത്തിന് ഇഷ്ടമായതുമാണ്. അതേക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നിരവധി പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മഹാഭാരതത്തിന്റെ തിരക്കില്‍ പെട്ടുപോയി,’ അഞ്ജൂം പറഞ്ഞു.

മുന്‍പ് മഹാഭാരതം സിനിമയാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനായി തന്റെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ മാറ്റിവയ്ക്കേണ്ടി വരുമോ എന്ന പേടിയും അദ്ദേഹത്തിനുണ്ടായിരുന്നു.

‘മഹാഭാരതം എന്റെ സ്വപ്‌ന പദ്ധതിയാണ്. പക്ഷെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ അതിനായി മാറ്റിവയ്ക്കേണ്ടി വരുമോ എന്ന പേടിയും എനിക്കുണ്ട്. കര്‍ണനാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം. എന്നാല്‍ എന്റെ ശാരീരിക പ്രത്യേകതകള്‍ വച്ച് ആ വേഷം ചെയ്യാന്‍ പറ്റുമോ എന്ന് ഉറപ്പില്ല. ചിലപ്പോള്‍ ഞാന്‍ കൃഷ്ണന്റെ വേഷം ചെയ്‌തേക്കാം. അര്‍ജുനന്റെ കഥാപാത്രവും എനിക്കിഷ്ടമാണ്. എന്തുകൊണ്ടാണ് സ്വന്തം ആളുകളെ തന്നെ കൊല്ലുന്നതെന്ന് കൃഷ്ണനോട് ചോദിച്ച ഏക വ്യക്തി അര്‍ജുനനാണ്,’ ആമിര്‍ പറയുന്നു.

സിനിമയുടെ രൂപത്തിലല്ല വെബ്‌സീരീസായിട്ടാണ് മഹാഭാരതം ഒരുങ്ങുന്നത്. തനിക്ക് കൃഷ്ണനാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ആഗ്രഹിക്കുന്നതിനാല്‍ അത് ചെയ്യാന്‍ സാധിക്കില്ലെന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook