തനതായ തന്റെ കയ്യൊപ്പു പതിഞ്ഞ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ആമിർ ഖാൻ. ‘ലഗാൻ’, ‘രംഗ് ദേ ബസന്തി’, ‘താരേ സമീൻ പർ’, ‘പികെ’, ‘ഡങ്കൽ’ എന്നു തുടങ്ങി ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ വരെ നീളുന്ന ആമിർഖാൻ ചിത്രങ്ങൾക്കെല്ലാം ട്രീറ്റ്മെന്റിലെയും പരീക്ഷണത്തിലെയും ആ പുതുമ അവകാശപ്പെടാനുണ്ട്. പരീക്ഷണങ്ങളുമായി മുന്നോട്ടു പോവാനല്ല, എന്തെങ്കിലും പുതിയതായി ശ്രമിച്ചു നോക്കാതെ ഇരിക്കുന്ന അവസ്ഥയെയാണ് താൻ ഭയക്കുന്നതെന്ന് ആമിർ പറയുന്നു.

ടാറ്റാ സ്കൈയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ആമിർ കി പാത്ത്ശാല’ എന്ന പ്രോഗ്രാമിൽ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. “പരാജയപ്പെടുമോ​ എന്ന ഭയം എനിക്കില്ല. പരാജയപ്പെട്ടാലോ എന്നോർത്ത് ഒന്നും ശ്രമിക്കാതെയിരിക്കുന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്. നിർമ്മാതാവോ സംവിധായകനോ ആവട്ടെ, ഒരു കഥ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ എന്റെ കലയിലൂടെ ഞാനെന്തോ നേടിയെന്ന ഫീലാണ് അനുഭവിക്കുന്നത്,” ആമിർ പറയുന്നു.

Read more: ഞാനൊരു കലാകാരനാണ്, പക്ഷേ രാഷ്ട്രീയം എന്റെ കലയല്ല: ആമിർ ഖാൻ

കഥകൾ തിരഞ്ഞെടുക്കാനുള്ള ആമിറിന്റെ കഴിവ് ഏറെ നിരൂപക പ്രശംസ നേടിയിട്ടുള്ള കാര്യമാണ്. ചെറുപ്പം മുതൽ തന്നെ സംവിധായകനും പിതാവുമായ താഹിർ ഹുസൈൻ ഇക്കാര്യത്തിൽ ആമിറിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ കഥയെ ഒരൊറ്റ വാക്കിൽ നീ എങ്ങനെ വിശദീകരിക്കും? എന്താണ് നിന്റെ കഥാപരിസരം? എന്നിങ്ങനെയുള്ള പിതാവിന്റെ നിരന്തരമായ ചോദ്യങ്ങളാണ് കഥകൾ തിരഞ്ഞെടുക്കുന്നതിലുള്ള ആമിറിന്റെ കഴിവിന് അടിത്തറ പാകിയത്.

“എന്റെ സിനിമകളിൽ ഒരു രൂപ പോലും ഞാൻ പ്രതിഫലമായി വാങ്ങാറില്ല. മുടക്കു മുതൽ തിരിച്ചു കിട്ടിയെന്ന് ഉറപ്പു വരുത്തേണ്ടതും സിനിമയ്ക്കു പിന്നിലുള്ള എല്ലാവർക്കും പ്രതിഫലം ലഭിച്ചു എന്നു ഉറപ്പു വരുത്തേണ്ടതും എന്റെ ഉത്തരവാദിത്വമായി ഞാൻ കരുതുന്നു. ഈ കാര്യങ്ങൾ യഥാവിധം നടന്നു കഴിയുമ്പോൾ മാത്രമാണ് ലാഭത്തിൽ നിന്നും ഞാനെന്റെ ഷെയർ എടുക്കുന്നത്. അതെന്റെ ഉത്തരവാദിത്വമായി തന്നെ ഞാൻ കരുതുന്നു,” ആമിർ കൂട്ടിച്ചേർത്തു.

അമിതാഭ് ബച്ചനൊപ്പം ആദ്യമായി കൈകോർക്കുന്ന ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ ആണ് അടുത്തതായി തിയേറ്ററിൽ എത്താനുള്ള ആമിർ ചിത്രം. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രത്തിൽ കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ധൂം3’ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’.

1795 ലെ കഥ പറയുന്ന ആക്ഷൻ പിരീഡ് ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നത്. ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ നോവലായ ‘കൺഫെഷൻസ് ഓഫ് എ തംഗ് ആന്റ് ദ കൾട്ട് ഓഫ് ദ തഗ്ഗീ’ യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ. കടൽകൊള്ളക്കാരനായ ഫിരംഗിയാണ് ആമിർ ചിത്രത്തിലെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook