ഇന്ത്യയും കടന്ന് മുന്നേറുകയാണ് ബോളിവുഡിലെ മി. പെർഫെക്ഷൻ ആയ ആമിറിന്റെ പ്രഭാവം. ഇപ്പോഴിതാ ചൈനയിൽ നിന്നാണ് അദ്ദേഹത്തിന്റെ സിനിമ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സീക്രട്ട് സൂപ്പർസ്റ്റാർ രണ്ട് ദിവസം കൊണ്ട് ചൈനയിലെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 100 കോടിയിലേറെ രൂപയാണ്.

സിനിമ മേഖലയിലെ ട്രന്റുകൾ വിശകലനം ചെയ്യുന്ന തരൺ ആദർശിന്റെ ട്വീറ്റിലാണ് ചിത്രം ചൈനയിൽ ബിഗ് ഹിറ്റായെന്ന് പറയുന്നത്. ആദ്യ രണ്ട് ദിവസത്തെ കളക്ഷൻ 110.52 കോടിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആരാധകർ ഏറെ പേരും ദംഗലിനേക്കാൾ മികച്ച ചിത്രമെന്നാണ് സീക്രട്ട് സൂപ്പർസ്റ്റാറിന് നൽകിയിരിക്കുന്ന റിവ്യു. ചൈനയിൽ തന്നെ ഇത്രയും തുക ബോക്സ് ഓഫീസിൽ ആദ്യ രണ്ട് ദിവസം കൊണ്ട് കളക്ട് ചെയ്യുന്ന ഇന്ത്യൻ ചിത്രമെന്ന നേട്ടമാണ് ഇതോടെ സീക്രട്ട് സൂപ്പർസ്റ്റാറിന് ലഭിച്ചത്.

വെള്ളിയാഴ്ച 6.8 മില്യൺ ഡോളർ നേടിയ ചിത്രം ശനിയാഴ്ച ഇത് 10 മില്യൺ കടന്നതോടെയാണ് 100 കോടിയെന്ന കടമ്പ കടന്നത്.

സീക്രട്ട് സൂപ്പർസ്റ്റാറിൽ അതിഥി താരമായാണ് ആമിർ ഖാൻ എത്തുന്നത്. പികെയും ദംഗലും ചൈനയിൽ ആമിർ ഖാന് നേടിക്കൊടുത്ത വിശ്വാസവും സ്നേഹവുമാണ് സീക്രട്ട് സൂപ്പർസ്റ്റാറിന്റെ കുതിപ്പിന് പിന്നിലെന്നാണ് തരുൺ കുറിക്കുന്നത്. ദംഗൽ 1459 കോടിയാണ് ചൈനയിൽ നിന്ന് ആകെ നേടിയത്. ഇതോടെ 2000 കോടിയുടെ ആഗോള നേട്ടമാണ് ദംഗൽ കുറിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷകളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ച് ചിത്രങ്ങളിലൊന്നായി ദംഗൽ മാറുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ