ബോളിവുഡിൽ വൻ വിജയം നേടിയ തന്റെ ചിത്രം ദംഗൽ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കേണ്ടെന്ന് നടൻ ആമിർ ഖാൻ. ചിത്രത്തിൽനിന്നും ഇന്ത്യൻ പതാകയും ഇന്ത്യൻ ദേശീയഗാനവും അടങ്ങുന്ന ദൃശ്യം നീക്കം ചെയ്യണമെന്ന് പാക്കിസ്ഥാൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നതായും ഇതേത്തുടർന്നാണ് ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് ആമിർ ഖാൻ തീരുമാനിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

ഉറി ഭീകരാകരമണത്തെ തുടര്‍ന്ന് ഇന്ത്യൻ സിനിമകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അടുത്തിടെയാണ് പാക്കിസ്ഥാൻ നീക്കിയത്. ഇതിനു പിന്നാലെ ദംഗൽ ചിത്രം പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാനിലെ വിതരണക്കാർ ആമിർ ഖാനെ സമീപിച്ചു. ചിത്രം പാക്കിസ്ഥാനിൽ റിലീസ് ചെയ്യാൻ ആമിർ സമ്മതം മൂളുകയും ചെയ്തു.

എന്നാൽ ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ക്ലൈമാക്സിൽ വരുന്ന രണ്ടു സീനുകളാണ് പാക്കിസ്ഥാൻ സെൻസർബോർഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പതാക കാണിക്കുന്ന സീനിൽ പുറകിൽ ഇന്ത്യൻ ദേശീയ ഗാനം കേൾപ്പിക്കുന്നുണ്ട്. ഈ രണ്ടു സീനുകളും എഡിറ്റ് ചെയ്തു നീക്കം ചെയ്താൽ സിനിമ പ്രദർശിപ്പിക്കാമെന്നാണ് സെൻസർ ബോർഡ് പറഞ്ഞിരിക്കുന്ന്. സെൻസർ ബോർഡിന്റെ തീരുമാനം അംഗീകരിക്കാൻ തയാറാകാത്ത ആമിർ ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കണ്ടെന്നു തീരുമാനമെടുക്കുകയായിരുന്നു. ഹരിയാനയിലെ ഗുസ്തി പരിശീലകൻ മഹാവീർ ഫൊഗാട്ടിന്‍റെയും പെണ്‍മക്കളുടെയും കഥ പറഞ്ഞ ചിത്രം ഇന്ത്യയിൽ മാത്രം 385 കോടിയിലധികം രൂപ നേടിയിരുന്നു.

ഇന്ത്യൻ ചിത്രങ്ങൾക്കുമേൽ പാക്കിസ്ഥാൻ സെൻസർ ബോർഡ് കൈ കടത്തുന്നത് ഇതാദ്യമല്ല. മുസ്‌ലിമുകളെ നെഗറ്റീവായി ചിത്രീകരിക്കുന്നുവെന്നു പറഞ്ഞ് ഷാരൂഖ് ഖാൻ ചിത്രം റയീസിന് പാക്കിസ്ഥാൻ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. അക്ഷയ് കുമാറിന്റെ ജോളി എൽഎൽബി 2 എന്ന ചിത്രത്തിലെ കശ്മീരിനെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഈ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് ചിത്രം പാക്കിസ്ഥാനിൽ റിലീസ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ