ആമിർ ഖാൻ നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. 2007 ൽ പുറത്തിറങ്ങിയ ‘താരേ സെമീൻ പർ’ എന്ന ചിത്രത്തിലാണ് ആമിർ ആദ്യമായി സംവിധായക വേഷം അണിയുന്നത്. സംവിധായകനായുളള ആമിറിന്റെ ആദ്യം ചിത്രം ബോളിവുഡിൽ സൂപ്പർ ഹിറ്റായിരുന്നു. സംവിധാനം എപ്പോഴും തന്നിൽ ആവേശമുണ്ടാക്കാറുണ്ടെന്നും പക്ഷേ ഇപ്പോൾ അഭിനയത്തിലാണ് ശ്രദ്ധ വയ്ക്കുന്നതെന്നും പറയുകയാണ് 54 കാരനായ ആമിർ ഖാൻ.

അഭിനയം ഇഷ്ടമാണെങ്കിലും ഒരിക്കൽ താനത് നിർത്തുമെന്നും ആമിർ പറഞ്ഞു. ”സംവിധാനം ഇഷ്ടമായതിനാലാണ് ധൈര്യത്തോടെ ‘താരേ സെമീൻ പർ’ ചെയ്തത്. സംവിധാനത്തോടും അഭിനയത്തോടും എനിക്ക് പ്രണയമാണ്. അവ രണ്ടിൽനിന്നും എനിക്ക് അകന്നു നിൽക്കാനാവില്ല. അഭിനേതാവായാണ് ഞാനെന്റെ കരിയർ തുടങ്ങിയത്. അതിനാൽ ഇപ്പോൾ അഭിനയത്തിലാണ് ശ്രദ്ധ. ഞാനൊരു നല്ല സംവിധായകനാണെന്ന ബോധ്യം വരുന്ന ആ നിമിഷം അഭിനയം നിർത്തും. ഇപ്പോൾ അഭിനയം നിർത്താൻ ആഗ്രഹിക്കുന്നില്ല, അതിനാലാണ് ഇപ്പോൾ സംവിധാന മോഹം തൽക്കാലം മാറ്റി വച്ചിരിക്കുന്നത്,” ആമിർ മാധ്യമങ്ങളോട് പറഞ്ഞു.

Read: സിനിമകൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശം പ്രേക്ഷകനുണ്ട്: ആമിർ ഖാൻ

നടൻ, സംവിധായകൻ എന്നതിനു പുറമേ നിർമ്മാതാവ് കൂടിയാണ് ആമിർ. ലഗാൻ, താരേ സെമീൻ പർ, ജാനേ തു യഹാ ജാനേ ന, പീപ്‌ലി ലവ്, ധോഭി ഘട്ട്, ഡൽഹി ബെല്ലി, തലാഷ്, ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ നിർമ്മാണം ചെയ്തിട്ടുണ്ട്. പണം ഉണ്ടാക്കുന്നതിലല്ല, നല്ല തിരക്കഥകൾക്ക് പിന്തുണ നൽകുകയാണ് തന്റെ ലക്ഷ്യമെന്നും ആമിർ പറഞ്ഞു. ”സാധാരണ ബിസിനസ് ലക്ഷ്യത്തോടെയാണ് ആളുകൾ സിനിമകൾ നിർമ്മിക്കുന്നത്. എന്റെ അജണ്ട അതല്ല. ക്രിയേറ്റിവിറ്റിയാണ് ഞങ്ങളുടെ അജണ്ട. എപ്പോഴാണോ നല്ലൊരു തിരക്കഥ ലഭിക്കുന്നത്, അതുവരെ ഞങ്ങൾ സിനിമ നിർമ്മിക്കില്ല.”

Read: മുൻ ഭാര്യ റീനയുമായുളള വിവാഹ മോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ആമിർ ഖാൻ

ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും ആമിർ മറുപടി നൽകി. നല്ല അവസരങ്ങൾ കിട്ടിയാൽ ഹോളിവുഡ് എന്നല്ല ലോകത്തിലെ ഏതു ഭാഗത്തെ സിനിമയിലും അഭിനയിക്കും. ജപ്പാനിൽനിന്നോ ആഫ്രിക്കയിൽനിന്നോ ഉളള സിനിമാ പ്രവർത്തകർ അവസരം നീട്ടിയാൽ, എനിക്ക് ഇഷ്ടപ്പെട്ടാൽ തീർച്ചയായും ചെയ്യും. ഹോളിവുഡിനോട് ആകർഷണം തോന്നിയിട്ടില്ലെന്നും ആമിർ വ്യക്തമാക്കി.

ആമിറിന്റെ അടുത്ത ചിത്രമാണ് ‘ലാൽ സിങ് ഛദ്ദ’. 1994 ൽ പുറത്തിറങ്ങിയ ടോം ഹാൻക്സിന്റെ ഓസ്കർ പുരസ്കാരം നേടിയ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. 2020 ൽ ദീപാവലി റിലീസായാണ് ചിത്രം എത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook