ആമിര്‍ ഖാന്‍, ബോളിവുഡിലെ പകരം വയ്ക്കാനാകാത്ത പേരാണത്. അഭിനയ ജീവിതത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പിന്നിട്ട വഴികളെ ഓര്‍ക്കുകയാണ് ആമിര്‍. ഖയാമത് സേ ഖയാമത് തക് എന്ന ആദ്യ ചിത്രത്തിന്റെ അനുഭവങ്ങളെ കുറിച്ച്, ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നിന്ന ദിവസത്തെ കുറിച്ച് ആമിര്‍ ഓര്‍ക്കുന്നതിങ്ങനെ:

“ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന് ഞങ്ങള്‍ ഊട്ടിയിലായിരുന്നു. ഞങ്ങളുടെ കഥാപാത്രങ്ങൾ വഴി തെറ്റി പോകുകയും, ഞാന്‍ ഒരു വൈക്കോല്‍കൂനയ്ക്കു മുകളില്‍ കിടക്കുകയുമാണ്. പെട്ടെന്ന് അവിടെയാകെ മഞ്ഞുമൂടി. പിന്നീട് ഷൂട്ട് തുടരാന്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി. ആദ്യ സിനിമയുടെ ആദ്യദിനം തന്നെ ചിത്രീകരണം മുടങ്ങിപ്പോയത് ഒരു ശുഭസൂചനയായി എനിക്ക് തോന്നിയില്ല. പക്ഷെ എന്റെ കരിയര്‍ അങ്ങനെയായില്ല എന്നു പ്രതീക്ഷിക്കുന്നു.”

ഖയാമത് സേ ഖയാമത് തക്കിൽ ആമിർ ഖാനും ജൂഹി ചൗളയും

ഓരോ ചിത്രം കഴിയുമ്പോഴും ആമിര്‍ അഭിനയത്തിലും ജീവിതത്തിലും സ്വയം നവീകരിക്കുകയായിരുന്നു. താരതമ്യങ്ങളില്ലാത്ത ഒരു നടനിലേക്കായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. എന്നാല്‍ തന്റെ അഭിനയത്തെക്കുറിച്ച് ആമിറിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി വ്യത്യസ്തമാണ്:

“നസറുദ്ദീന്‍ ഷായെ പോലെയോ, ഓം പുരിയെ പോലെയോ ദിലീപ് കുമാറിനെ പോലെയോ അമിതാഭ് ബച്ചനെ പോലെയോ, സൈറയെ പോലെയോ ഞാനൊരു ബോണ്‍ ആക്ടര്‍ ഒന്നുമല്ല. അവരൊക്കെ ഊര്‍ജ സ്രോതസുകളാണ്. അവര്‍ ഒരു ഷോട്ടില്‍ അഭിനയിക്കുമ്പോള്‍, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ വളരെ സ്വാഭാവികമായി അത് സംഭവിക്കുകയാണ്. ആ കഴിവ് എനിക്കുണ്ടെന്ന് തോന്നിയിട്ടില്ല.”

“ലഗാന്റെ സ്‌ക്രിപ്റ്റ് ആദ്യം വായിച്ചപ്പോള്‍ ഞാന്‍ കരുതി ആ ചിത്രത്തില്‍ നിന്നു തന്നെ ഞാന്‍ പുറത്താകും എന്ന്. ആ കഥാപാത്രമായി മാറാനും നന്നായി പെര്‍ഫോം ചെയ്യാനും ഞാന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. റിഹേഴ്‌സല്‍ സമയത്ത് എന്റെ പ്രകടനം മോശമായിട്ടുണ്ടെങ്കിലും ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു,” ആമിര്‍ ഓര്‍ക്കുന്നു.

ലഗാൻ

മനുഷ്യരുടെ സ്വഭാവത്തിലും മനഃശാസ്ത്രത്തിലുമുള്ള തന്റെ താത്പര്യം, അഭിനയത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ആമിര്‍ പറയുന്നത്.

“എന്റെ മനസു വേദനിക്കുകയും ഞാന്‍ അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അതു ചിലപ്പോള്‍ ഫലം കണ്ടുകൊള്ളണം എന്നില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പകരം, വേദനിച്ചിട്ടും ഞാനത് പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആളുകള്‍ക്ക് അത് കൂടുതല്‍ ഫീല്‍ ചെയ്യുന്നത്.”

ദംഗൽ

മുപ്പതു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളായി ആമിര്‍ സ്‌ക്രീനില്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്. ഇതില്‍ വളരെ പ്രയാസം തോന്നിയിട്ടുള്ള കഥാപാത്രം പികെയിലേതാണ് എന്ന് ആമിര്‍ പറയുന്നു.

“ബുദ്ധിമുട്ട് തോന്നേണ്ടിയിരുന്ന ഒരു കഥാപാത്രം പികെയിലേതാണ്. കാരണം അതില്‍ ഒരു ഏലിയനായാണ് ഞാന്‍ അഭിനയിച്ചത്. നോക്കി പഠിക്കാന്‍ ഒരു റെഫറന്‍സും ഇല്ലായിരുന്നു. പക്ഷെ രാജു ആ കഥാപാത്രത്തെ കുറിച്ച് വൃത്തിയായി എന്നെ പറഞ്ഞു മനസിലാക്കി തന്നു. അദ്ദേഹം പറഞ്ഞത് ഞാന്‍ ഭൂമിയില്‍ ജീവിക്കുന്ന ആളാണ്, മറ്റൊരു ഗ്രഹത്തിലേക്ക് പോയാല്‍ എങ്ങനെയുണ്ടാകും എന്നു ചിന്തിക്കാനാണ്. എല്ലാം പുതിയതായിരിക്കും. എന്നിട്ടും ബുദ്ധിമുട്ടായിരുന്നു. കാരണം ഇവിടെയുള്ളത് എല്ലാം എനിക്കറിയാം. പക്ഷെ എന്റെ പ്രകടനത്തില്‍ അത് അറിയരുത്. അണ്‍ലേണിങ് എന്ന ആ പ്രക്രിയ വളരെ പ്രയാസമായിരുന്നു.”

പികെ

മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലെ പുതിയ സാധ്യതകളെ പരീക്ഷിക്കാനാണ് ആമിറിന് താത്പര്യം. ഇന്ത്യയില്‍ അതിന്റെ വിപണി സാധ്യതകള്‍ എന്തെല്ലാമാണ് എന്നറിയാന്‍ ശ്രമിക്കുകയാണ് താരം.

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ലൊക്കേഷനിൽ കത്രീന കൈഫിനും ഫാത്തിമ സന ഷെയ്ഖിനുമൊപ്പം

“വളരെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരു മാധ്യമമാണത്. ക്രിയേറ്റീവായ ഒരാള്‍ക്ക് ധാരാളം സാധ്യതകളാണ് വെബ് സീരീസുകള്‍ നല്‍കുന്നത്. കാരണം രണ്ടുമണിക്കൂറിനുള്ളില്‍ ഒരു കഥപറഞ്ഞു തീര്‍ക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകുന്നില്ല. നിങ്ങള്‍ക്ക് സമയമുണ്ട്, കഥാപാത്രങ്ങളിലേക്ക് ആഴത്തില്‍ പോകാനുള്ള അവസരമുണ്ട്. ഇതുവരെ അത്തരത്തിലൊന്ന് പരീക്ഷിച്ചിട്ടില്ല. നല്ലതെന്തെങ്കിലും വന്നാല്‍ നോക്കും,” ആമിര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook