സിനിമകളുടെ വിജയം ആഘോഷിക്കാൻ മാത്രമല്ല, പരാജയചിത്രങ്ങളെ വിമർശിക്കാനുള്ള അവകാശവും പ്രേക്ഷകനുണ്ടെന്നാണ് ബോളിവുഡ് താരം ആമിർ ഖാന്റെ പക്ഷം. അടുത്തിടെ റിലീസിനെത്തിയ ആമിർ ഖാൻ ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ. വൻപ്രതീക്ഷകളോടെയായിരുന്നു ദീപാവലി റിലീസായി ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ തിയേറ്ററുകളിലെത്തിയത്. എന്നാൽ ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ജോൺ ക്ലീവ് തുടങ്ങിയവർ അഭിനയിച്ച ഈ ആക്ഷൻ പിരീഡ് ചിത്രത്തിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിനൊപ്പം തന്നെ ബോക്സ് ഓഫീസിൽ വലിയ സാമ്പത്തികലാഭം നേടാനും സാധിച്ചില്ല.

ചിത്രത്തിന്റെ പരാജയത്തിന് സംവിധായകനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും എല്ലാവരും നല്ല സിനിമയുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ആമിർ പറയുന്നു. ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ നോവലായ ‘കൺഫെഷൻസ് ഓഫ് എ തംഗ് ആന്റ് ദ കൾട്ട് ഓഫ് ദ തഗ്ഗീ’ യെ ആസ്പദമാക്കി ഒരുക്കിയ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ സംവിധാനം ചെയ്തത് വിജയ് കൃഷ്ണ ആചാര്യയായിരുന്നു.

“ഞാനിതുവരെ ഒന്നിച്ച് വർക്ക് ചെയ്ത സംവിധായകരെല്ലാം മിടുക്കരാണ്. എല്ലാവരുടെയും ലക്ഷ്യം നല്ലതായിരുന്നു, നല്ല ചിത്രങ്ങൾ ഉണ്ടാക്കാൻ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്, പക്ഷേ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കില്ലെന്നു മാത്രം. സിനിമയുണ്ടാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു ടീം പ്ലെയർ ആണ്. അതുകൊണ്ടു തന്നെ എന്റെ സംവിധായകന് തെറ്റിപ്പോയാൽ എനിക്കും തെറ്റു പറ്റാം,” ആമിർ പറഞ്ഞു.

Read more: തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍: പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തന്റേതെന്ന് ആമിര്‍ ഖാന്‍

“എന്റെ ഡയറക്ടറുടെ സഹജവാസനകൾക്ക് അനുസരിച്ച് വർക്ക് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടില്ല. എനിക്കതിൽ ഒരു പ്രശ്നവും തോന്നുന്നുമില്ല. ഞാൻ സംവിധായകനിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിനു തെറ്റുപറ്റുമ്പോൾ എനിക്കും പറ്റിയേക്കാം. നമ്മൾ പിഴവുകളിൽ നിന്നുമാണല്ലോ പഠിക്കുന്നത്.”

തന്റെ സിനിമകൾ കാണാൻ വേണ്ടി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകർക്ക് ചിത്രം ഇഷ്ടമായില്ലെങ്കിലും പരാജയപ്പെടുമ്പോഴും അതിന്റെ ഉത്തരവാദിത്വം താനേറ്റെടുക്കുന്നു എന്നും അമീർ പറഞ്ഞു. സിനിമയ്ക്ക് എതിരെ വരുന്ന വിമർശനങ്ങളെയും പോസിറ്റീവായി തന്നെയാണ് താരം നോക്കി കാണുന്നത്.

“എന്നോട് ഒരുപാട് പേർ ചിത്രം ഇഷ്ടമായെന്നു പറഞ്ഞു. അതുപോലെ വിമർശനങ്ങളും കേട്ടു. ഞാനിതിനെയൊന്നും ജഡ്ജ് ചെയ്യുന്നില്ല. പ്രേക്ഷകർക്ക് അവർക്ക് എന്താണ് വേണ്ടതെന്ന് പറയാനുള്ള അവകാശം ഉണ്ട്. ചിലപ്പോൾ അവരുടെ വിമർശനങ്ങൾ കടുത്തതാകാം, അതവരുടെ അവകാശമാണ്. കുറേ കാലങ്ങളായി ഒരു പരാജയചിത്രം ഞാൻ സമ്മാനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് അവരുടെ ദേഷ്യം പ്രകടിപ്പിക്കാൻ ഒരു അവസരം ലഭിച്ചിരിക്കുകയാണ്. അതും നല്ലതാണ്. കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ പരാജയപ്പെടുന്നത്,” ആമിർ കൂട്ടിച്ചേർക്കുന്നു.

Read more: ഞാനൊരു കലാകാരനാണ്, പക്ഷേ രാഷ്ട്രീയം എന്റെ കലയല്ല: ആമിർ ഖാൻ

ആമിർഖാൻ പ്രൊഡക്ഷന്റെ പുതിയ ഡോക്യുമെന്ററി ചിത്രം ‘രുബാരു റോഷ്നി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആമിർഖാൻ. സ്വാതി ചക്രവർത്തി ബത്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേദനയുടെയും ക്ഷമയുടെയും മൂന്നു യഥാർത്ഥ സംഭവങ്ങളെ കുറിച്ചാണ് ‘രുബാരു റോഷ്നി’ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook