ആദ്യം മുതൽ തന്നെ മീടൂ മൂവ്മെന്റിനെ പിന്തുണച്ച്, ശക്തമായ നിലപാട് സ്വീകരിച്ച താരങ്ങളിൽ ഒരാളാണ് ആമിർ ഖാൻ. താനും ഭാര്യ കിരൺ റാവുവും മീടൂ ആരോപണവിധേയർക്കൊപ്പം സഹകരിച്ച് വർക്ക് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരമിപ്പോഴും.

സംവിധായകൻ കരൺ ജോഹർ അവതാരകനാവുന്ന ‘കോഫി വിത്ത് കരൺ’ എന്ന ഷോയിൽ പങ്കെടുക്കുന്നതിനിടെ മീടൂവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയായിരുന്നു ആമിർ ഖാൻ. മീടൂ ബോളിവുഡിൽ ഏറെ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ആമിർ അഭിപ്രായപ്പെട്ടു.

” സിനിമാരംഗത്ത് മാത്രമല്ല ഏതു രംഗത്തും സംഭവിക്കേണ്ട ശരിയായ കാര്യമാണ് മീടൂ എന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. ഇതു മൂലം ഇൻഡസ്ട്രിയിൽ ഒരു തരം ശുചീകരണം സംഭവിക്കുന്നുണ്ട്. വ്യക്തികളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരുന്നു. സ്ത്രീകൾ ഉറക്കെ അവരുടെ പ്രശ്നങ്ങളെ കുറിച്ച് നിർഭയം സംസാരിക്കുമ്പോൾ സ്ത്രീ ശാക്തീകരണം കൂടിയാണ് സംഭവിക്കുന്നത്.

ഇത്തരത്തിലുള്ള ചൂഷണങ്ങൾ നൂറ്റാണ്ടുകളായി സ്ത്രീകൾ​​ അഭിമുഖീകരിക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട്. ഒരു വ്യക്തി ഇത്തരത്തിൽ തരംതാഴ്ത്തപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും ഇരയാക്കപ്പെടുന്നതുമൊക്കെ ഭീകരവും വേദനാജനകവുമായ സാമൂഹിക അവസ്ഥയാണ്. അതുകൊണ്ടു തന്നെ, സ്ത്രീകൾ അതിനെതിരെ ധൈര്യപൂർവ്വം പ്രതികരിക്കുന്നതും തുറന്നു പറയുന്നതും കാണുമ്പോൾ സന്തോഷമുണ്ട്.

Read more: #MeToo: കുറ്റവാളികൾക്കൊപ്പം ജോലിചെയ്യാനില്ലെന്ന് സംവിധായികമാർ

നമ്മുടെ സിനിമകൾ ഇത്തരം ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇരുന്നെങ്കില്ലെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. ലോകത്തിലെ നിരവധിയേറെ സമൂഹങ്ങൾ പുരുഷാധിപത്യം നിറഞ്ഞതാണ്, ഇന്ത്യയും അതിൽ പെടും. നമ്മുടെ സിനിമകളിൽ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയെ കുറിച്ച് ‘സത്യമേവ ജയതേ’ എന്ന എന്റെ പരിപാടിയിൽ മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട്. ‘ഖംബെ ജാസി ഖാദി ഹേ’ എന്ന ഗാനം പോലും അതിനെ കുറിച്ചാണ് ഞാൻ പാടിയത്. അക്ഷരാർത്ഥത്തിൽ, എല്ലായിടത്തും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

നിങ്ങൾക്കറിയാമോ, ഞാൻ ചെയ്യുന്നത് വെറും തമാശയല്ലെന്നു മനസ്സിലാക്കാൻ പോലും എനിക്കേറെ സമയം എടുക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സമൂഹത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇപ്പോൾ എല്ലാം​​ ഒന്നിച്ച് പുറത്തു വന്നിരിക്കുകയാണ്. ഞാൻ ആളുകളോട് സംസാരിക്കുമ്പോൾ ഇത്തരം കഥകൾ വർഷങ്ങൾക്ക് മുൻപെ കേട്ടിട്ടുണ്ടെന്നാണ് അവർ പറയുന്നത്. ഈ വ്യക്തികളിൽ പലരും ഇങ്ങനെയായിരുന്നു എന്നു തിരിച്ചറിയുമ്പോൾ എനിക്ക് ഞെട്ടലുണ്ടാകുന്നു. അത്രമേൽ പുരുഷാധിപത്യസ്വഭാവമുള്ളവരാണ് ഇവരെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഈ തുറന്നു പറച്ചിലുകൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ്, എത്രത്തോളം വ്യാപകമായിരുന്നു ചൂഷണങ്ങൾ എന്നു മനസ്സിലാക്കുന്നത്. ഞാനും കിരണും തീരുമാനത്തിലെത്തിയ ഒരു കാര്യം, ഒരു വ്യക്തിയെ സംശയിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അയാളുമായി അസോസിയേറ്റ് ചെയ്യാതിരിക്കുക എന്നാണ്. അത്തരം വ്യക്തികളുമായി ഇടപഴകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ആമിർ ഖാൻ പറയുന്നു.

Read more: ഞാനൊരു കലാകാരനാണ്, പക്ഷേ രാഷ്ട്രീയം എന്റെ കലയല്ല: ആമിർ ഖാൻ

” ഇത്തരം നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ അതിന് അതിന്റേതായ ഭവിഷ്യത്തുകൾ ഉണ്ടെന്ന് എനിക്കറിയാം. കിരണിനും ആ ബോധ്യമുണ്ട്, മീടൂവിനെ ചൊല്ലിയുള്ള ഈ പരാമർശങ്ങൾക്കു പോലും അതിന്റേതായ ഇംപാക്റ്റ് ഉണ്ട്. ഞങ്ങളുടെ പരാമർശങ്ങളുടെ ഉത്തരവാദിത്വവും ഞങ്ങൾക്കു തന്നെയാണ്. അതിൽ ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. നമ്മുടെ പരാമർശങ്ങൾക്കു ശേഷം, ആ വ്യക്തി തെറ്റുകാരനല്ലെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. ആ ബാധ്യതയും നമ്മൾ സഹിക്കുന്നുണ്ട്, എല്ലാദിവസവും രാത്രി അതിനെ കുറിച്ച് ആലോചിക്കാറുമുണ്ട്” ആമിർ കൂട്ടിച്ചേർക്കുന്നു.

ആമിറിന്റെ പ്രസ്താവന ശരിവെച്ച് താനും അത്തരം വിഷമഘട്ടങ്ങളിലൂടെയും ദശാസന്ധികളിലൂടെയുമാണ് കടന്നുപോവുന്നതെന്നായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. “ഈ മൂവ്മെന്റന്റിൽ വിശ്വസിച്ച് അതിനെ പിന്തുണയ്ക്കുമ്പോൾ അത് ഇൻഡസ്ട്രിയിലെ പലരെയും വേദനിപ്പിക്കുന്നുണ്ടെന്നറിയാം. എന്നാൽ മീടൂവിൽ ഉയരുന്ന ആ ശബ്ദങ്ങൾ നമ്മൾ കേൾക്കേണ്ടതുണ്ട്. അതൊരു ശാക്തീകരണത്തിന്റെ ശബ്ദമാണ്. ഒരു പ്രിവിലേജ്ഡ് പൊസിഷനിൽ നിൽക്കുമ്പോൾ നമുക്ക് ഒരു നിലപാട് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആരാണ് നിലപാടുകൾ എടുക്കുക? അതുകൊണ്ടു തന്നെ നിത്യേന വിഷമഘട്ടത്തിലൂടെയാണ് ഞാനും കടന്നു പോവുന്നത്. ഓരോ ദിവസവും ആരുടെ പേരാണ് ഇന്ന് ഞാൻ വായിക്കാൻ പോവുന്നത്, അതെങ്ങനെയാണ് അവരുടെ ജീവിതത്തെ ബാധിക്കുക തുടങ്ങിയ ചിന്തകളോടെയും ആശങ്കയോടെയുമാണ് എണീക്കുന്നത്. ഈ ശുചീകരണം ആവശ്യമുണ്ടെന്ന് മാത്രമേ എനിക്കും പറയാനാവൂ. സമൂഹത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ മീടൂ ഉണ്ടാക്കുന്നുണ്ട്. ആളുകൾ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നു, സ്ത്രീകളെ ചൂഷണം ചെയ്യുന്നു, അതു പരിഹരിക്കപ്പെടേണ്ടതാണെന്ന് വിശ്വാസം.​അതാണിപ്പോൾ നടക്കുന്നതും,” കരൺ ജോഹർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook