ബോളിവുഡിലെ ഖാന്‍മാരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്ത ഏക സൂപ്പര്‍താരം ആമിര്‍ ഖാനാണ്. ആരാധകരുടെ അക്ഷമയോടെയുളള കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. തന്റെ 53ാം ജന്മദിനത്തിന്റെ ഭാഗമായി താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തിരിക്കുകയാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം 2.5 ലക്ഷത്തോളം ഫോളോവേഴ്സിനെ നേടി.

അതും യാതൊരു പോസ്റ്റും അക്കൗണ്ടില്‍ ഇടാതെയാണ് ഇത് സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റ് ഇടാന്‍ വേണ്ടിയാണ് താരം കാത്തിരിക്കുന്നതെന്ന പ്രചരണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് തന്റെ മാതാവായ സീനത്ത് ഹുസൈന്റെ ചിത്രം ആമിര്‍ പോസ്റ്റ് ചെയ്തത്. 9 ഭാഗങ്ങളാക്കിയ ഒരു ചിത്രമാണ് ആമിര്‍ പോസ്റ്റ് ചെയ്തത്. തന്നെ താനാക്കിയ ആളെന്ന അടിക്കുറിപ്പോടെയാണ് ആമിറിന്റെ പോസ്റ്റ്.

ആമിറിന് കുടുംബത്തിലെ ആരോ സമ്മാനിച്ചതാണ് ഈ ചിത്രമെന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മാതാവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ആമിറിന് ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏതായിരിക്കണമെന്ന സംശയമൊട്ടും ഉണ്ടായിരിക്കില്ലെന്ന് ആരാധകരും പറഞ്ഞു. പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ആമിര്‍ ഇപ്പോള്‍. ജോധ്പൂരിലാണ് ചിത്രീകരണം നടക്കുന്നത്. നവംബര്‍ 7നാണ് ചിത്രം റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ