ബോളിവുഡ് താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിയുന്നു. ആമിർ തന്നെയാണ് ഇക്കാര്യം ഔദ്യാഗിക കുറിപ്പിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 15 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാൻ ഏകമകനാണ്.
“ഈ 15 വർഷത്തിനിടെ ഒരു ജീവിതകാലത്തേക്കുള്ള അനുഭവങ്ങളും സന്തോഷവും ചിരിയും ഞങ്ങൾ ഒന്നിച്ച് പങ്കിട്ടു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ ഞങ്ങളുടെ ബന്ധം വളർന്നിട്ടുള്ളൂ. ഇപ്പോൾ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇനി ഭാര്യാഭർത്താക്കന്മാരായല്ല, ആസാദിന്റെ രക്ഷിതാക്കളും കുടംബവുമായി,” ആമിർ കുറിക്കുന്നു.

ഭാര്യഭർത്താക്കന്മാർ എന്ന രീതിയിൽ മാത്രമാണ് തങ്ങൾ പിരിയുന്നതെന്നും ആസാദിന്റെ രക്ഷിതാക്കൾ എന്ന രീതിയിലും സുഹൃത്ത്, സഹപ്രവർത്തകർ എന്ന നിലകളിലും തുടർന്നും സഹകരിക്കുമെന്നും ഇരുവരും വ്യക്തമാക്കുന്നു.
“കുറച്ചുനാളുകൾക്ക് മുൻപു തന്നെ ഒരു വേർപിരിയൽ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നു, ഇപ്പോൾ അതിന്റെ ഔചാരിക നടപടികളുമായി മുന്നോട്ട് പോവാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. തനിയെ ജീവിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ഒരു എക്സ്റ്റൻഡ് ഫാമിലിയായി ജീവിതം പങ്കിടുന്നു. ഞങ്ങളുടെ മകൻ ആസിദിന് ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും, അവനെ ഞങ്ങൾ ഒരുമിച്ച് സ്നേഹിക്കുകയും വളർത്തുകയും ചെയ്യും. സിനിമകൾ, പാനി ഫൗണ്ടഷൻ, മറ്റു പ്രൊജക്റ്റുകൾ എന്നിവയിലെല്ലാം ഞങ്ങൾ സഹകരിച്ച് വീണ്ടും പ്രവർത്തിക്കും.”

“ഞങ്ങളുടെ ബന്ധത്തിലെ ഈ പരിണാമത്തെ കുറിച്ച് മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ നന്ദി, നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഇത്തരമൊരു വലിയ സ്റ്റെപ്പ് എടുക്കാൻ കഴിയില്ലായിരുന്നു. ഈ വിവാഹമോചനം ഒരു അവസാനമായല്ല, ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ എല്ലാവരും കാണുമെന്ന് പ്രതീക്ഷിക്കുന്നു.” ആമിറും കിരണും ഒന്നിച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
‘ലഗാൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ആമിറും കിരൺ റാവും കണ്ടുമുട്ടുന്നത്. ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരൺ. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2005 ഡിസംബർ 28നായിരുന്നു ഇരുവരുടെയും വിവാഹം. 2011 ലാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും മകൻ ആസാദ് ജനിക്കുന്നത്.
റീന ദത്ത ആയിരുന്നു ആമിർ ഖാന്റെ ആദ്യ ഭാര്യ. 16 വർഷത്തെ വിവാഹജീവിതത്തിനൊടുവിൽ 2002ൽ ആണ് ആമിറും റീനയും വേർപ്പിരിയുന്നത്. ഈ ബന്ധത്തിൽ ഇറ, ജുനൈദ് എന്നിങ്ങനെ രണ്ടു മക്കളും ആമിർ ഖാനുണ്ട്.
Read more: മുൻ ഭാര്യ റീനയുമായുളള വിവാഹ മോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ആമിർ ഖാൻ