ലോക്ക്ഡൗണിൽ ദുരിതത്തിലായ പാവപ്പെട്ടവർക്ക് ആമിർ ഖാൻ ഗോതമ്പ് പായ്ക്കറ്റ് വിതരണം ചെയ്തതായും, വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ അതിനകത്ത് 15,000 രൂപ ഉണ്ടായിരുന്നതായുമുളള വാർത്തകൾ കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ടിക് ടോക്കിൽ ഒരു യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു വാർത്തകൾക്ക് ആധാരം. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോ ഇയാൾ ഷെയർ ചെയ്തിരുന്നു.

കൊറോണ വൈറസിനെ തുടർന്ന് ദുരിതത്തിലായ ഡൽഹിയിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനായി ആമിർ ഖാൻ ഒരു ട്രക്ക് നിറയെ ഗോതമ്പ് പൊടി കയറ്റി അയച്ചു. ഒരു കിലോയുടെ ഓരോ ഗോതമ്പ് പായ്ക്കറ്റിലും 15,000 രൂപ ഉണ്ടായിരുന്നുവെന്നുമാണ് യുവാവ് വീഡിയോയിൽ പറഞ്ഞത്. ഇത് വ്യാജ വാർത്തയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ആമിർ ഖാൻ.

Read Also: കൊറോണ പോരാട്ടത്തിനായി സംഭാവനകളുമായി ആമിർഖാനും അജിത്തും

”ഗോതമ്പ് പായ്ക്കറ്റിൽ പണം ഒളിപ്പിച്ചത് ഞാനല്ല. അതൊരു വ്യാജ വാർത്തയാകാം അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക,” ഇതായിരുന്നു ആമിർ ഖാൻ ട്വിറ്ററിൽ കുറിച്ചത്.

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ കോവിഡ്-19 ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിർ ഖാൻ സംഭാവന ചെയ്തിരുന്നു. ഫിലിം വർക്കേഴ്സ് അസോസിയേഷനും എൻജിഒകൾക്കും നടൻ സംഭാവന ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook