/indian-express-malayalam/media/media_files/uploads/2019/12/aamir-khan-1-1.jpg)
ചങ്ങനാശേരി എംസി റോഡിലൂടെ നിങ്ങൾക്ക് അഭിമുഖമായി ബോളിവുഡ് താരം ആമിർഖാൻ നടന്നുവന്നാൽ? അത്തരമൊരു അമ്പരപ്പിലും ഞെട്ടലിലും ആയിരുന്നു ഇന്നലെ ചങ്ങനാശേരി ടൗണിലുണ്ടായിരുന്നവർ. ചങ്ങനാശേരി ടൗണിലൂടെ നീല പാന്റും കറുത്ത ടീഷർട്ടും നീല തൊപ്പിയും കണ്ണടയും അണിഞ്ഞ് ചെവിയിൽ ഇയർ ഫോണും തിരുകി നടന്നു നീങ്ങുന്ന ബോളിവുഡ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പരിവാരങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒപ്പമായിരുന്നു ആമിർ എത്തിയത്.
പുതിയ ചിത്രം 'ലാൽ സിങ് ഛദ്ദ'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിർ ഖാൻ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ഡിസംബർ 14 നാണ് ആമിർ ഖാനും സംഘവും ഹെലികോപ്ടറിൽ മൂന്നാറിലെത്തിയത്. മൂന്നാർ ചൊക്കനൂർ- വട്ടക്കാട് മലനിരകളുടെ​ അടിവാരത്തായിരുന്നു ഷൂട്ടിംഗ്.
Exclusive #aamirkhan in munnar, kerala for #laalsinghchaddha shooting.pic.twitter.com/vosLsDkzoi
— Jitu Mardraj Jitu (@Jituna_) December 14, 2019
ചിത്രീകരണം പൂർത്തിയാക്കിയ സംഘം ഇന്നലെ വൈകിട്ട് കൊല്ലത്തേക്ക് പോയി. കൊല്ലത്ത് ചടയമംഗലത്ത് ഏതാനും രംഗങ്ങൾ കൂടി ചിത്രീകരിക്കാനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
അമേരിക്കൻ ചിത്രമായ ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്ക് ആണ് 'ലാൽ സിങ് ഛദ്ദ'. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം18 മോഷൻ പിക്‌ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 20 കിലോയാണ് ചിത്രത്തിനായി ആമിർഖാൻ കുറക്കുന്നത്. വെള്ളിത്തിരയിൽ ആമിർഖാൻ ആദ്യമായി ടർപ്പൻ ധരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന അമേരിക്കൻ ക്ലാസിക് ചിത്രത്തിന് 25 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നത്. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിർ ഖാൻ ആണ്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ ഫെയിം അദ്വൈത് ചന്ദന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ നിർമ്മിച്ചതും ആമിർഖാന്റെ നിർമ്മാണകമ്പനിയായിരുന്നു. സംവിധായകനാവും മുൻപ് ആമിർഖാന്റെ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്വൈത് ചന്ദൻ.
എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി റോബർട്ട് സ്സെമെക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറു കാറ്റഗറികളിലാണ് ‘ഫോറസ്റ്റ് ഗമ്പ്’ ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.
Read more: ടർബൻ കെട്ടി, 20 കിലോ കുറച്ച് ആമിർ ഖാൻ; തയ്യാറെടുപ്പുകൾ ‘ലാൽ സിംഗ് ചന്ദ’ യ്ക്ക് വേണ്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.