ഒരാളെ ആക്രമിക്കാനും അപമാനിക്കാനും കാരണം കാത്തിരിക്കുന്നതു പോലെയാണ് സോഷ്യല്‍ മീഡിയ പലപ്പോഴും പെരുമാറുന്നത്. താരങ്ങളാകട്ടെ സാധാരണക്കാരാകട്ടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു താഴെ അസഭ്യം പറയുക, വിമര്‍ശിക്കുക എന്നത് ഒരു തൊഴിലായി ഏറ്റെടുത്തിരിക്കുകയാണ് പലരും. അടുത്തിടെ ഐശ്വര്യ റായ് മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് വലിയ വിമര്‍ശനങ്ങളായിരുന്നു നേരിട്ടത്.
സോഷ്യല്‍ മീഡിയയുടെ അടുത്ത ഇര ബോളിവുഡ് താരം ആമിര്‍ഖാനാണ്. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കില്‍ കഴിയുന്ന ആമിര്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയതാണ്. പൊതുവെ എല്ലാ തരം വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ആമിര്‍ അറിയപ്പെടുന്നതു തന്നെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും മകള്‍ ഇറയ്‌ക്കൊപ്പം കളിക്കുന്ന ചിത്രങ്ങളുമാണ് ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്.
കസിനും നിര്‍മ്മാതാവുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു കുടുംബം. റമദാന്‍ മാസത്തില്‍ നോമ്പെടുക്കാതെ ആമിര്‍ ഭക്ഷണം കഴിക്കുന്നു എന്നതാണ് ഒരുകൂട്ടരെ ചൊടിച്ചിരിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന മകളുമായി ഇത്തരത്തില്‍ തമാശ കളിക്കരുത് എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. സ്വന്തം മകളായാലും ചെറിയ കുട്ടിയല്ല, മുതിര്‍ന്ന പെണ്‍കുട്ടിയാണെന്ന കാര്യം മറക്കരുത്, റമദാന്‍ മാസത്തില്‍ ഇറയുടെ വസ്ത്ര ധാരണം ശരിയല്ല എന്നിങ്ങനെയെല്ലാമാണ് കമന്റുകള്‍.
പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ ദേഹത്തു കയറിയിരിക്കുന്ന ചിത്രത്തിനു താഴെയാണ് ഇത്തരം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പല കമന്റുകളും ചിത്രത്തിലെ അച്ഛന്‍-മകള്‍ സ്‌നേഹത്തിനപ്പുറം ലൈംഗികത പരതാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിന് ചേരാത്ത കാര്യമാണ് ഇതെന്നാണ് സദാചാരവാദികളുടെ വിമര്‍ശനം.
അതേസമയം, ആമിറിനേയും കുടുംബത്തേയും പിന്തുണച്ചുകൊണ്ടും ആളുകള്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. അച്ഛന്‍ മകള്‍ ബന്ധത്തെ മറ്റൊരു കണ്ണുകൊണ്ട് കാണുന്നത് കാഴ്‌ചക്കാരുടെ മനസ്സിന്റെ ദുഷിപ്പാണെന്നും കമന്റുകള്‍ വരുന്നുണ്ട്.