/indian-express-malayalam/media/media_files/uploads/2019/03/aamir-khan-1.jpg)
ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ 'ഫോറസ്റ്റ് ഗമ്പ്' എന്ന അമേരിക്കൻ ക്ലാസിക് ചിത്രത്തിന് 25 വർഷങ്ങൾക്കു ശേഷം ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നു. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിർ ഖാൻ ആണ്. 'ലാൽ സിംഗ് ചധ'എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'സീക്രട്ട് സൂപ്പർസ്റ്റാർ' ഫെയിം അദ്വൈത് ചന്ദനാണ്. 'സീക്രട്ട് സൂപ്പർസ്റ്റാർ' നിർമ്മിച്ചതും ആമിർഖാന്റെ നിർമ്മാണകമ്പനിയായിരുന്നു. സംവിധായകനാവും മുൻപ് ആമിർഖാന്റെ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്വൈത് ചന്ദൻ.
തന്റെ പിറന്നാൾ ദിനത്തിലാണ് ആമിർഖാൻ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആമിർഖാന്റെ 54-ാം പിറന്നാളാണ് ഇന്ന്. "എന്റെ ആരാധകർക്കു വേണ്ടി ഒരു​​​ അനൗൺസ്മെന്റ് ഉണ്ട്. എന്റെ അടുത്ത ചിത്രം തീരുമാനിക്കപ്പെട്ടു, 'ലാൽ സിംഗ് ചന്ദ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അമേരിക്കൻ ചിത്രമായ 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്ക് ആണ്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം18 മോഷൻ പിക്‌ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാരാമൗണ്ട് പിക്‌ച്ചേഴ്സിൽ നിന്നും ചിത്രത്തിന്റെ റൈറ്റ് ഞങ്ങൾ വാങ്ങിച്ചു," ആമിർഖാൻ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു താനെന്നും ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുമെന്നും 2020ൽ ചിത്രം റിലീസിനെത്തുമെന്നും ആമിർ കൂട്ടിച്ചേർത്തു.
Read more: ഞാനൊരു കലാകാരനാണ്, പക്ഷേ രാഷ്ട്രീയം എന്റെ കലയല്ല: ആമിർ ഖാൻ
"എനിക്കെപ്പോഴും ഇഷ്ടപ്പെട്ട ചിത്രമാണ് 'ഫോറസ്റ്റ് ഗമ്പ്'. വളരെ മനോഹരമായൊരു, ഫീൽ ഗുഡ് ചിത്രമാണത്. ഒരു കുടുംബകഥയാണ്," ആമിർ പറഞ്ഞു. ആമിർഖാന്റെ ഭാര്യ കിരൺ റാവുവും പത്രസമ്മേളത്തിൽ ആമിറിനൊപ്പം പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിർ പ്രത്യേക ഡയറ്റിലാണെന്നും കിരൺ റാവു വെളിപ്പെടുത്തി.
എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ 'ഫോറസ്റ്റ് ഗമ്പ്' എന്ന പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി റോബർട്ട് സ്സെമെക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറു കാറ്റഗറികളിലാണ് 'ഫോറസ്റ്റ് ഗമ്പ്' ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.