ബോളിവുഡ് താരം ആമീർ ഖാൻെറ മകൾ ഐറ ഖാൻെറ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. മുംബൈ സ്വദേശിയായ നൂപുർ ശിഖാരെയാണ് വരൻ. ആഘോഷത്തിനിടയിൽ നൃത്തം ചെയ്യുന്ന ആമീർ ഖാൻെറ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 1988 ൽ പുറത്തിറങ്ങിയ ‘ക്വയമത് സെ ക്വയമത് തക്ക്’ എന്ന ചിത്രത്തിലെ ‘പാപ്പാ കെഹത്തെ ഹേ’ എന്ന ഗാനത്തിലാണ് ആമീർ ചുവടുവച്ചത്. അച്ഛൻെറ ഡാൻസു കണ്ട് സന്തോഷത്തിൽ കൈയടിക്കുന്ന ഐറയെ വീഡിയോയിൽ കാണാം. ബന്ധുവായ മൻസൂർ ഖാനിനെയും നൃത്തം ചെയ്യാൻ ഒപ്പം കൂട്ടുന്നുണ്ട് ആമീർ.
നരച്ച മുടിയും പഠാൻ സ്യൂട്ടും അണിഞ്ഞുളള ആമീറിൻെറ ലുക്കിനെക്കുറിച്ചും അനവധി ആരാധകർ വീഡിയോയ്ക്കു താഴെ കമൻ്റു ചെയ്തിട്ടുണ്ട്. താരങ്ങളായ ഇമ്രാൻ ഖാൻ, ഫാത്തിമ സന്ന ഷേയ്ക്ക് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ആമീർ ഖാൻെറയും മുൻഭാര്യ റീനയുടെയും മകളാണ് ഐറ ഖാൻ. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഐറയും നൂപുറും വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
സിനിമയിൽ നിന്നു ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ആമീർ ഖാൻ പറഞ്ഞിരുന്നു. “സിനിമയിൽ നിൽക്കുമ്പോൾ ഞാൻ പൂർണമായും അതിൽ തന്നെയായി പോകുന്നു. ജീവിതത്തിൽ നിന്ന് വേർപ്പെട്ടതു പോലെയാണ് തോന്നുന്നത്. ‘ലാൽ സിങ്ങ് ചദ്ദ’യ്ക്കു ശേഷം ഒരുപാട് നല്ല കഥകൾ കേട്ടു. പക്ഷെ ഞാൻ ഒരു ബ്രേക്ക് എടുക്കാൻ ആഗ്രഹിക്കുന്നു. കുട്ടികൾക്കു അമ്മയ്ക്കുമൊപ്പം സമയം ചെലവഴിക്കണം” ആമീർ പറഞ്ഞു.
ആമീർ ഖാൻെറ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ ‘ലാൽ സിങ്ങ് ചദ്ദ’, ‘തഗ്ഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്നിവ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു.