ബഹിരാകാശ സഞ്ചാരിയായ പ്രഥമ ഇന്ത്യക്കാരൻ രാകേഷ് ശർമയുടെ ജീവിതം വെളളിത്തിരയിലെത്തുന്പോൾ അതിൽ ആമിർ ഖാൻ ഉണ്ടാവില്ല. ആമിർ രാകേഷ് ശർമയായി വെളളിത്തിരയിലെത്തുമെന്നുളള വാർത്തകളെ അദ്ദേഹം തളളി. നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തിരക്കഥയുമായി ആമിറിനെ സമീപിച്ചിരുന്നുവെന്നും കഥ ഇഷ്ടപ്പെട്ട ആമിർ രാകേഷ് ശർമയാകാൻ സമ്മതം മൂളിയെന്നും വാർത്തകളുണ്ടായിരുന്നു. സാരേ ജഹാൻ സേ അച്ഛാ എന്നായിരുന്നു ചിത്രത്തിന്റെ പേരെന്നും റിപ്പോർട്ടുണ്ടായിരുന്നു.

‘ത്ഗസ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ മാത്രമാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. നിലവിൽ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരേയൊരു ചിത്രം ഇതു മാത്രമാണ്. മറ്റൊരു ചിത്രത്തിലും കരാർ ഒപ്പിട്ടിട്ടില്ല’- ആമിർ പറഞ്ഞു. തന്റെ 52-ാമത് ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വർത്താസമ്മേളനത്തിലാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്. ജൂണിൽ തഗ്സ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും ആമിർ വെളിപ്പെടുത്തി.

വിജയ് കൃഷ്ണ ആചാര്യയാണ് ത്ഗസ് ഓഫ് ഹിന്ദുസ്ഥാൻ സംവിധാനം ചെയ്യുന്നത്. ഇതു രണ്ടാം തവണയാണ് ആമിർ വിജയ് കൃഷ്ണയുമായി ഒന്നിക്കുന്നത്. ധൂം ത്രീയാണ് ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. വൈആർഎഫ് ആണ് തഗ്സ് ചിത്രം നിർമിക്കുന്നത്. അമിതാഭ് ബച്ചനും ആമിർ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

അമിതാഭ് ബച്ചനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലും ആമിർ പങ്കുവച്ചു. 73 കാരനായ ബിഗ് ബിയുടെ വലിയ ആരാധകനാണ് ഞാൻ. ആദ്യമയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഞാൻ ഭയങ്കര ത്രില്ലിലാണ്. അദ്ദേഹത്തിൽനിന്നും ഒരുപാട് കാര്യങ്ങൾ ഉറപ്പായും എനിക്ക് പഠിക്കാൻ സാധിക്കും. ത്ഗസ് ഓഫ് ഹിന്ദുസ്ഥാൻ തനിക്ക് മറക്കാനാവാത്ത അനുഭവം നൽകുന്ന ചിത്രമായിരിക്കുമെന്നും ആമിർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ