മീ ടൂ വിവാദം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തില്‍ സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘മൊഗുള്‍’ ചിത്രത്തില്‍ നിന്നും താന്‍ പിന്മാറുന്നുവെന്ന് ആമിര്‍ ഖാന്‍. ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ് ആമിറും ഭാര്യ കിരണ്‍ റാവുവും. ഇരുവരും പിന്മാറുന്ന കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജ്യത്ത് നടക്കുന്ന മീ ടൂ ക്യാംപെയിന് പിന്തുണ നല്‍കിക്കൊണ്ട് ഇരുവരും പിന്മാറുന്നത്.

ലൈംഗികാതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസ്താവനയില്‍ ഇരുവരും വ്യക്തമാക്കി. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നതുവരെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും ആമിറും കിരണും പറഞ്ഞു.

ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീ ടൂ ക്യാംപെയിൻ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും കാലങ്ങളായി സിനിമാ മേഖലയിലെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും അതവസാനിപ്പിച്ച് സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിറും കിരണും പ്രസ്താവനയില്‍ വ്യക്തമാക്കി. ടി സീരിയസിനൊപ്പം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു മൊഗുളിന്റെ സഹനിര്‍മ്മാതാവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook