ബാഹുബലി 2 വിനൊപ്പം ബോക്സ്ഓഫിസിൽ മുന്നേറുകയാണ് ആമിർ ഖാന്റെ ദംഗലും. ബാഹുബലി 2 വിനു പിന്നാലെ ദംഗലും 1500 കോടി ക്ലബിലെത്തി. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ദംഗലിന്റെ ബോക്സ്ഓഫിസ് കളക്ഷൻ സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തത്. വിദേശത്തുനിന്നും 744 കോടി നേടിയതോടെയാണ് ദംഗലും ബാഹുബലി 2 വിന്റെ നേട്ടം കരസ്ഥമാക്കിയത്. ചൈനയിൽനിന്നും 731 കോടിയും തായ്‌വാനിൽനിന്നും 25 കോടിയും ചിത്രം നേടിക്കഴിഞ്ഞു. 1501 കോടിയാണ് ദംഗലിന്റെ ബോക്സ്ഓഫിസ് കളക്ഷൻ. ബാഹുബലിയുടേത് 1538 കോടിയാണ്. 2000 കോടി ക്ലബിൽ ആര് ആദ്യമെത്തും എന്നു മാത്രമേ ഇനി അറിയാനുളളൂ.
. @aamir_khan 's #Dangal @ the WW BO: May 21st '17#China – ₹ 731.36 Crs#Taiwan – ₹ 25.78 Crs
RoW – ₹ 744.50 Crs
Total – ₹ 1,501.64 Crs
— Ramesh Bala (@rameshlaus) May 21, 2017
മേയ് അഞ്ചിനാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്‍ഖാന്‍ ചിത്രം ‘ദംഗല്‍’ ചൈനയിൽ റിലീസ് ചെയ്തത്. ചൈനയിൽ ‘ഷുആയ് ജിയാവോ ബാബ’ ( ലെറ്റ്സ് റെസ്‌ൽ ഡാഡ്) എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഒൻപതിനായിരം സ്‌ക്രീനുകളിലാണ് ചൈനയില്‍ ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽതന്നെ ചൈനയിൽനിന്നും ദംഗൽ കോടികൾ വാരിക്കൂട്ടി.
പികെ എന്ന സിനിമയ്ക്ക് ലഭിച്ച വിജയമാണ് ദംഗലും ചൈനയിൽ റിലീസ് ചെയ്യാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്. 4000 സ്ക്രീനുകളിൽ ചൈനയിൽ റിലീസ് ചെയ്ത പികെ നൂറുകോടി നേടിയിരുന്നു.