ന്യൂഡൽഹി : ബോളിവുഡ് നടി സൈറ വാസിം ലൈംഗീകാതിക്രമത്തിനു ഇരയാക്കപ്പെട്ട സംഭവം സിനിമാലോകത്തെ ചൂടുള്ള ചർച്ചയാവുമ്പോൾ, ഇത്തരം സംഭവങ്ങളിൽ കലാകാരന്മാർക്കുള്ള സാമൂഹിക ഉത്തരവാദിത്വം ഓർമ്മിപ്പിക്കുകയാണ് നടനും സംവിധായകനുമായ അമീർഖാൻ. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിക്കാൻ കലാകാരന് ബാധ്യതയുണ്ടെന്നും, ഇതിനെതിരായ ബോധവത്കരണത്തിൽ പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും അമീർഖാൻ പ്രസ്താവിച്ചു. അമേരിക്കൻ സിനിമ നിർമാതാവ് ഹാർവി വിൻസ്റ്റിന്നുമായി ബന്ധപ്പെട്ട ലൈംഗീക അപവാദ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

“ഏതു ലിംഗത്തിൽ പെട്ട വ്യക്തിയാണെങ്കിലും ലൈംഗീകാതിക്രമത്തിന് ഇരയാക്കപ്പെടുന്നത് ഖേദകരമാണ്. അത് തീർത്തും തെറ്റാണ്”, അമീർഖാൻ പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും ലൈംഗീകാതിക്രമം നടക്കുന്നുണ്ടെന്നും അമീർ ഖാൻ ചൂണ്ടിക്കാട്ടി.”ഒരാളോട് പ്രണയം തോന്നുന്നത് സ്വാഭാവികമാണ് .എന്നാൽ ശാരീകമായി ആക്രമിക്കുന്നത് അസ്വാഭാവികവും നീതീകരിക്കാൻ കഴിയാത്തതുമാണ് “-അമീർ ഖാൻ പറഞ്ഞു.

തായ്‌ലൻഡിൽ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്ന സിനിമയുടെ സെറ്റിൽ നിന്നും പിടിഐ ക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് അമീർ ഖാൻ തന്റെ നിലപാട് തുറന്നുപറഞ്ഞത്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം സമൂഹത്തിലെ ലിംഗ അസമത്വത്തിന്റെ ബഹിർസ്‌ഫുരണം കൂടി ആണെന്ന് അമീർ ഖാൻ പറഞ്ഞു. പുരുഷൻ ശക്തനും സ്ത്രീയേക്കാൾ പ്രധാനിയും ആണെന്ന സമൂഹത്തിന്റെ വിശ്വാസം ഇത്തരം സംഭവങ്ങൾക്ക് വളമാകുന്നുണ്ടെന്നും അമീർഖാൻ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ