അവാർഡ് വേദികളിലും പുരസ്‌കാര സമർപ്പണ വേദികളിലും തീരെ കാണാത്ത താരമാണ് ആമിർ ഖാൻ. എന്നാൽ ഏവരെയും അത്‌ഭുതപ്പെടുത്തി കൊണ്ട് ആമിർ ഒരു പുരസ്‌കാര ചടങ്ങിനെത്തി സമ്മാനം സ്വീകരിച്ചു. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ആമിർ ഒരു പുരസ്‌കാര വേദിയിലെത്തിയത്. പൊതുവെ പുരസ്‌കാര നിശകളിൽ നിന്നും അകലം പാലിക്കുന്ന ആമിർ പുരസ്‌കാരം വാങ്ങിച്ചത് പലരുടെയും നെറ്റി ചുളിക്കലിനും കാരണമായിട്ടുണ്ട്. നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്‌മരണാർത്ഥമുളള വിശേഷ് പുരസ്‌കാരമാണ് ആമിർ ഏറ്റുവാങ്ങിയത്. 2016ലെ സൂപ്പർഹിറ്റുകളിലൊന്നായ ദംഗലിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൽനിന്ന് പുരസ്‌കാരം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

2015ലാണ് രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്‌ണുതക്കെതിരെ ആമിർ ഖാൻ പ്രതികരിച്ചത്. ഇത് വൻ പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. ആമിർ ഖാൻ പാക്കിസ്ഥാനിൽ പോകണമെന്നും അദ്ദേഹത്തിന്റെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു.

ഹരിയാനയിലെ ഗുസ്തി പരിശീലകൻ മഹാവീർ ഫൊഗാട്ടിന്‍റെയും പെണ്‍മക്കളുടെയും കഥ പറഞ്ഞ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്‌ദമായി തന്റെ കൂടെ പ്രവർത്തിച്ച എല്ലാ സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും പുരസ്‌കാരം ഏറ്റ് വാങ്ങി കൊണ്ട് ആമിർ നന്ദി പറഞ്ഞു.

“ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അതിന് കാരണം എന്റെ സിനിമകൾ എഴുതിയ തിരക്കഥാകൃത്തുക്കളാണ്. ഇന്ന് ഇങ്ങനെ പുരസ്‌കാരം സ്വീകരിച്ച് നിൽക്കാൻ കാരണക്കാർ ഞാൻ അഭിനയിച്ച സിനിമകളുടെ രചയിതാക്കളും സംവിധായകരുമാണ്”, പുരസ്‌കാരം സ്വീകരിച്ച് ആമിർ പറഞ്ഞു.

വൈജയന്തി മാലയ്‌ക്കും ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. ലതാ മങ്കേഷ്‌കറും അവാർഡ് ദാന ചടങ്ങിനെത്തിയിരുന്നു. ക്രിക്കറ്റിലെ സംഭാവനയ്‌ക്ക് കപിൽ ദേവിനും പുരസ്‌കാരം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ