‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ ചിത്രത്തിനുശേഷം ആമിർ ഖാൻ നായകനാവുന്ന സിനിമയാണ് ‘ലാൽ സിങ് ഛദ്ദ’. ഛണ്ഡിഗഡിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുന്നു. ഈ സന്തോഷം പങ്കിടാനായി ‘ലാൽ സിങ് ഛദ്ദ’ ടീം കിക്കോഫ് പാർട്ടി നടത്തി. ആമിർ ഖാൻ, കരീന കപൂർ, ആമിറിന്റെ ഭാര്യയും സംവിധായകയുമായ കിരൺ റാവു എന്നിവരടക്കം സിനിമയിലെ അണിയറ പ്രവർത്തകർ ഒന്നാകെ പാർട്ടിയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ആമിറിന്റെയും കരീന കപൂറിന്റെയും ലുക്ക് ലീക്കായിരുന്നു. നീണ്ട താടിയും സിഖ് തലപ്പാവും അണിഞ്ഞ ആമിറിന്റെ ലുക്കാണ് പുറത്തുവന്നത്. പിങ്ക് നിറത്തിലുളള സൽവാർ ധരിച്ച കരീന നടന്നുപോകുന്നതിന്റെ ഒരു ചിത്രവും ഷൂട്ടിങ്ങിനിടയിൽ നിലത്തിരുന്ന് ചില നിർദേശങ്ങൾ നൽകുന്ന ആമിറിന്റെ മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.
1994ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സിന്റെ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ട്. ‘ഗംപ്’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആമിർ അവതരിപ്പിക്കുക. കരീന കപൂറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘താരേ സെമീൻ പർ’, ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ എന്നീ സിനിമകൾ സംവിധാനം ചെയ്ത അദ്വൈത് ഛന്ദൻ ആണ് ‘ലാൽ സിങ് ഛദ്ദ’യുടെ സംവിധായകൻ. 2020 ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ഏതാനും ദിവസം മുൻപ് ചിത്രത്തിന്റെ ലോഗോ ആമിർ ഖാൻ റിലീസ് ചെയ്തിരുന്നു. ലോഗോ ഷാരൂഖ് ഖാൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയറും ചെയ്തിരുന്നു.