ആമിര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ‘ഫസ്റ്റ് ലുക്ക്’ പോസ്റ്ററാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആമിറിന്റേയും അമിതാഭ് ബച്ചന്റേയും എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. തിരിച്ചറിയാന്‍ കഴിയാത്തത്രയും മികവുറ്റ മേക്കോവറിലാണ് ഇരുവരുടേയും എന്ന പേരില്‍ ചിത്രം പ്രചരിച്ചത്.

എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും ഇരു താരങ്ങളുടേതും അല്ലെന്നതാണ് വാസ്തവം. മോഡലായ ദല്‍ജിത്ത് സീന്‍ സിംഗിന്റെ ചിത്രമാണ് ആമിറിന്റേതെന്ന പേരില്‍ പ്രചരിച്ചത്. അതേസമയം അമിതാഭ് ബച്ചന്റേതെന്ന പേരില്‍ പ്രചരിച്ചത് 68കാരനായ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥിയുടേതാണ്. പ്രശസ്ത ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കൂരി പകര്‍ത്തിയതാണ് ഈ ചിത്രം. ഷാബൂസ് എന്നാണ് അഭയാര്‍ത്ഥിയുടെ പേര്.

നിലവില്‍ ചിത്രീകരണത്തിനിടെ ചില ചിത്രങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ലുക്കൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്നേവരെ കാണാത്ത ലുക്കിലാണ് ഇരുതാരങ്ങളും ചിത്രത്തിലെത്തുന്നത്. ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ ലൊക്കേഷനില്‍ താരങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

ആമിര്‍ ഖാന്റെ ഈ വര്‍ഷം പ്രതീക്ഷയുണര്‍ത്തുന്ന റിലീസാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥന്‍. അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രാജസ്ഥാനിലായിരിക്കും ചിത്രീകരിക്കുക.

യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആമിര്‍ ഖാനു പുറമെ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇവര്‍ ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ‘ഞാന്‍ കുറച്ചു ദിവസത്തേക്കായി വിദേശത്തേക്കു പോവുകയാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും രാജസ്ഥാനിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുക’ആമിര്‍ ഖാന്‍ പറഞ്ഞു. കത്രീന കൈഫ്, ഫാത്തിമ സനാ ഷൈയ്ഖ് എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ