മലയാളത്തിന്റെ മണമുള്ള എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ‘ആമി’ നാളെ (ഫെബ്രുവരി 9) തിയേറ്ററുകളിലെത്തുന്നു. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുന്ന ചിത്രത്തെ തുടക്കം മുതലേ വിവാദങ്ങള്‍ പിന്തുടര്‍ന്നിരുന്നു, കഥാകാരിയുടെ ജീവിതം പോലെ.

പ്രണയവും വിരഹവും സ്‌നേഹവും സ്വപ്‌നങ്ങളുമെല്ലാം മറയില്ലാതെ അവതരിപ്പിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. നേരത്തേ സിനിമയിലേക്ക് മാധവിക്കുട്ടിയായി പരിഗണിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറുകയും പിന്നീട് ഈ വേഷം മഞ്ജുവിലേക്ക് എത്തുകയുമായിരുന്നു. ചിത്രത്തിലെ ശ്രേയാ ഘോഷാല്‍ ആലപിച്ച രണ്ടു ഗാനങ്ങളും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം പാഡ്മാന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും നടത്തുന്ന പാഡ്മാന്‍ ചലഞ്ച് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ബിജു മേനോന്‍-സണ്ണി വെയ്ന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘റോസാപ്പൂ’ ആണ് നാളെ തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിര്‍, നീരജ്, സലീംകുമാര്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ താരം അഞ്ജലിയാണ്. വിനു ജോസഫ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഷിബു തമീന്‍സാണ് നിര്‍മ്മിക്കുന്നത്. പുലി, ഇരുമുഗന്‍ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ നിര്‍മ്മാതാവാണ് ഷിബു തമീന്‍സ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിക്ക് ശേഷം ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ