Latest News

ആമി: മഞ്ജു വാര്യർക്കായി കാലം കാത്തുവച്ച കഥാപാത്രം

എഴുത്തുകാരിയുടെ ജീവിതം ചിത്രീകരിക്കാന്‍ കമല്‍ എന്ന സംവിധായകന്‍ നടത്തിയ സത്യസന്ധമായ ശ്രമം എന്നുതന്നെ വേണം ആമിയെ വിശേഷിപ്പിക്കാന്‍.

aami,film review

മാധവിക്കുട്ടിയുടെ ജീവിതം പോലെ വിവാദങ്ങളുടെ വേലിയേറ്റത്തിനൊപ്പമായിരുന്നു തുടക്കം മുതലേ കമലിന്‍റെ ‘ആമി’യും. ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നു എന്ന ആരോപണം തൊട്ട്, ചിത്രത്തില്‍ മാധവിക്കുട്ടിയാകാന്‍ മഞ്ജു വാര്യരെ തിരഞ്ഞെടുത്തതുവരെ, ‘ആമി’യെ വിടാതെ പിന്തുടര്‍ന്ന വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടിയായി ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി.

അക്ഷരങ്ങള്‍ക്കുളളിലെ  മാധവിക്കുട്ടിയെ അന്വേഷിച്ച് പോകുന്നില്ലെന്ന് തീരുമാനിച്ചാല്‍ അത്രത്തോളം ‘ആമി’ എന്ന ചിത്രം ആസ്വദിക്കാന്‍ കഴിയും. ”എന്‍റെ കഥയിലെ മാധവിക്കുട്ടിയല്ല, എന്‍റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതമാണ് ആമി” എന്ന് നേരത്തേ തന്നെ കമല്‍ പറഞ്ഞിരുന്നു. വായിച്ചറിഞ്ഞ മാധവിക്കുട്ടി ഓരോരുത്തകര്‍ക്കും ഓരോന്നായിരിക്കും. എന്നാല്‍ കേട്ടറിഞ്ഞ മാധവിക്കുട്ടിയുടെ ജീവിതം കൂടിയാണ് കമല്‍ അഭ്രപാളിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. എഴുത്തുകാരിയുടെ ജീവിതം ചിത്രീകരിക്കാന്‍ കമല്‍ എന്ന സംവിധായകന്‍ നടത്തിയ സത്യസന്ധമായ ശ്രമം എന്നു തന്നെ വേണം ആമിയെ വിശേഷിപ്പിക്കാന്‍. മാധവിക്കുട്ടി എന്ന എഴുത്തുകാരി നിങ്ങള്‍ക്ക് എത്രത്തോളം അപരിചിതയാകുന്നുവോ, അത്രത്തോളം ‘ആമി’ എന്ന ചിത്രം നിങ്ങളോട് ചേര്‍ന്നു നില്‍ക്കും.

aami, manju warrier

തന്‍റെ ആദ്യ കാമുകനും അവസാന കാമുകനും കൃഷ്ണനാണെന്ന് നിരന്തരം ആവര്‍ത്തിച്ച മാധവിക്കുട്ടിയുടെ ജീവിതം രാധാ-കൃഷ്ണ പ്രമേയത്തിന്‍റെ പശ്ചാത്തലത്തിലാണ് കമല്‍ പകര്‍ത്തിയിരിക്കുന്നത്. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക്  ഒളിനോട്ടങ്ങള്‍ നടത്താതെയും, വരികള്‍ക്കിടയിലെ ജീവിതം വളച്ചൊടിക്കാതെയും ‘ആമി’യെ വെറുമൊരു വില്പനച്ചരക്കാക്കാതെ മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് നീതി പുലര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

പട്ടുസാരി ചുറ്റിയാലോ വലിയ പൊട്ടു തൊട്ടാലോ മാധവിക്കുട്ടിയാകില്ലെന്നു വിമര്‍ശിച്ചവരോട് മഞ്ജുവിന്‍റെ മധുരപ്രതികാരമാണ് ആമി. കേട്ടറിവുകളിലൂടെ മനസ്സിലുള്ള മാധവിക്കുട്ടിയായി വളരാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. ‘എന്തിന് വിദ്യാ ബാലന്‍? ഇതിന് മഞ്ജു തന്നെയാണ് നല്ലത്’ എന്ന് പറയിപ്പിക്കും വിധത്തില്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു തന്നെ അവര്‍ അഭിനയിച്ചു. ഇതു മഞ്ജുവിനു വേണ്ടി കരുതി വച്ച കഥാപാത്രം തന്നെയാണ്. ഇതാണ്  മഞ്ജുവാര്യരുടെ തിരിച്ചു വരവ്.

മാധവിക്കുട്ടി ജീവിച്ചതും എഴുതിയതും, അങ്ങനെ അവര്‍ ചെയ്ത എല്ലാത്തിനും ന്യായീകരണം അവരുടെ ഉള്ളിലെ ഒരിക്കലും വറ്റാത്ത സ്‌നേഹം, പ്രണയം ഒക്കെയായിരുന്നു.  ഇതു കൊണ്ട് തന്നെ  തുടക്കം മുതലുള്ള വിവാദങ്ങള്‍ക്കും കാരണം മാധവിക്കുട്ടിയുടെ മതം മാറ്റത്തെ സംവിധായകന്‍ എങ്ങനെ ചിത്രീകരിക്കും എന്നതുതന്നെയായിരുന്നു. മാധവിക്കുട്ടിയില്‍ നിന്നും കമലാ സുരയ്യയായി മാറിയ  ആ കാലത്തെ വളരെ പക്വതയോടെയാണ് കമല്‍ അവതരിപ്പിച്ചിരിക്കുന്നത്.

അവസാനഘട്ടത്തില്‍ കമല കൃഷ്ണനോട് ചോദിക്കുന്നുണ്ട്:

“കൃഷ്ണാ, നിന്‍റെ മതം ഏതാണ്?”

“പ്രപഞ്ചത്തോടുള്ള പ്രണയമായല്ലേ, കമലാ, നീയെന്നിൽ കണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ മറ്റേതാണ് എന്‍റെ മതം?”

“കൃഷ്ണ, എങ്കില്‍ നിന്നെ ഞാന്‍ ഇനി മുതല്‍ പ്രവാചകന്‍ എന്നു വിളിച്ചോട്ടെ?”

“ഭഗവത് ഗീതയില്‍ നീ കാണുന്ന കൃഷ്ണനെ ഖുര്‍ആനിലും നിനക്കു കാണാന്‍ സാധിക്കുന്നുണ്ടേല്‍ ധൈര്യമായി നിനക്ക് അങ്ങനെ എന്നെ വിളിക്കാം”

സ്‌നേഹത്തിന് വേണ്ടി ഇത്രയധികം കൊതിച്ച സ്ത്രീയ്ക്ക് ഈ സമൂഹം എന്താണ് തിരിച്ച്  നല്‍കിയത് എന്നോര്‍ത്ത് ഒരിക്കലെങ്കിലും നിങ്ങളുടെ കണ്ണു നിറയ്ക്കും ‘ആമി’. തന്‍റെ പ്രണയ സാഫല്യത്തിനായുള്ള യാത്രയിലെ ഇടത്താവളങ്ങളും വേഷങ്ങളും മാത്രമായിരുന്നു മാധവിക്കുട്ടിക്ക് മതങ്ങള്‍.

അതേസമയം, ആരാധികയ്ക്ക് സ്‌നേഹപൂര്‍വം സമ്മാനിച്ച സ്വര്‍ണവള തിരിച്ചുവാങ്ങുന്ന മാധവദാസിനോട് കയര്‍ക്കാത്ത മാധവിക്കുട്ടിയെ ഉള്‍ക്കൊള്ളാന്‍ ഒട്ടും സാധിച്ചില്ല. അത് ചിത്രത്തിന്‍റെ ഒരു പോരായ്മായായി തന്നെ തോന്നി.

വിമര്‍ശനങ്ങള്‍ക്കും, ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇനിയും സാധ്യതയുള്ള ജീവിതത്തെ സേഫ് സോണില്‍ നിന്നുകൊണ്ട് ചിത്രീകരിക്കാനുള്ള ശ്രമം കൂടിയാണ് ഒരു പരിധി വരെ ‘ആമി’. മാധവിക്കുട്ടിയുടെ പ്രണയങ്ങളെക്കുറിച്ചും അവരുടെ ജീവിത്തിലെ പുരുഷന്മാരെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിന്‍റെ മാംസനിബദ്ധമായ വശങ്ങളിലേക്ക് ചിത്രം കടക്കുന്നില്ല. ഭര്‍ത്താവായ മാധവ ദാസിന്‍റെ റോളില്‍ മുരളീ ഗോപിയും, അക്ബര്‍ അലി എന്ന കഥാപാത്രമായി അനൂപ് മേനോനും, ശ്രീകൃഷ്ണനായി ടൊവിനോയും ഗംഭീര പ്രകടനം കാഴ്ച വച്ചു. ബാലാമണിയമ്മയായി അഭിനയിച്ച രസ്നയുടെ പേരും എടുത്തു പറയേണ്ടതുണ്ട്. ചിത്രത്തിലെ കാസ്റ്റിങ് വലിയൊരു കൈയടി അർഹിക്കുന്നുണ്ട്.

തുടക്കം മുതല്‍ ചിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ‘നീര്‍മാതളപ്പൂവിനുള്ളില്‍’ എന്ന ഗാനം കൂടിയാണ് ‘ആമി’യുടെ സൗന്ദര്യം. എം. ജയചന്ദ്രന്‍-ശ്രേയാഘോഷാല്‍ മാജിക്. മധു നീലകണ്ഠന്‍റെ ക്യാമറ, പുന്നയൂര്‍ കുളത്തിന്‍റെ ഗ്രാമീണതയിലേക്കും മുംബൈയുടേയും കൊല്‍ക്കത്തയുടേയും തെരുവുകളുടെ കാല്‍പനികതയിലേക്കും ഇറങ്ങിച്ചെന്നു. ‘ഈട’, ;അന്നയും റസൂലും’ എന്നീ ചിത്രങ്ങളിലൂടെ നേരത്തേയും മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകന്‍റെ വൈദഗ്ധ്യം നമ്മളറിഞ്ഞതാണ്. ജീവനുള്ള ഫ്രെയിമുകളായിരുന്നു ഓരോന്നും. ബയോപിക് എന്നതിലുപരി അതിഗംഭീരമായ ഒരു കലാസൃഷ്ടിയാണ് ആമി. മുന്‍ധാരണകളോടെ ചിത്രത്തെ സമീപിക്കുന്നവരെ ‘ആമി’ അത്ഭുതപ്പെടുത്തുമെന്ന് തീര്‍ച്ച.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aami movie review manju warrier kamal madhavikutty my story

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com