മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്​റ്ററെത്തി. മേശയ്‌ക്കരികെ എഴുത്തിലേർപ്പെട്ടിരിക്കുന്ന മാധവിക്കുട്ടിയാണ് പോസ്റ്ററിലുളളത്. ബ്ളാക്ക് ആന്റ് വൈറ്റിലാണ് പോസ്റ്റർ. പച്ച നിറത്തിലാണ് ആമിയെന്ന സിനിമാ പേര് എഴുതിയിരിക്കുന്നത്. മഞ്‌ജു വാര്യരാണ് മാധവിക്കുട്ടിയായെത്തുന്നത്. കമലാണ് സംവിധായകൻ. പുന്നയൂർകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ച ഉടനെയാണ് ആദ്യ പോസ്റ്ററും പുറത്തെത്തിയിരിക്കുന്നത്. രണ്ടാഴ്‌ച നീണ്ടു നിൽക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.

aami, first look, kamal, manju warrier

കമൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആമി വാർത്തകളിൽ നിറഞ്ഞിരുന്നു. ആരാകും ആമിയെന്ന് ചർച്ചകളും സജീവമായിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാബാലനെയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുൻപ് വിദ്യാബാലൻ ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് നിരവധി ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം. അതിന് ശേഷം പല പേരുകളും ആ വേഷത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ അവസാനം ആമി മഞ്‌ജുവാണെന്ന് കമൽ സ്ഥിരീകരിക്കുകയായിരുന്നു.

ആമിയാകുന്നു…ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നുവെന്ന് ചിത്രീകരണം തുടങ്ങിയ ശേഷം മഞ്‌ജു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മഞ്‌ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആമിയാകുന്നു…ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാർഥനകളോടെ ആമിയാകുന്നു…

മാധവിക്കുട്ടി ജീവിച്ചിരുന്ന ഒറ്റപ്പാലം, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. പൃഥിരാജ്, അനൂപ് മേനോൻ, മുരളി ഗോപി തുടങ്ങിയ താരനിര ചിത്രത്തിലുണ്ടാവും. ബോളിവുഡ് സംഗീത സംവിധായകൻ ജാവേദ് അക്തർ ഗാനങ്ങളൊരുക്കും. മധു നീലകണ്‌ഠൻ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കും.

പതിനാല് വർഷത്തിന് ശേഷം ശക്തമായി സിനിമയിൽ തിരിച്ചുവരവ് നടത്തിയ താരമാണ് മഞ്‌ജു. സ്ത്രീ പ്രാധാന്യമുളള നിരവധി സിനിമകളിൽ മികവുറ്റ അഭിനയം കാഴ്‌ച വെച്ച മഞ‌്‌ജുവിന്റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ആമി.

വർഷങ്ങൾക്ക് ശേഷം മഞ്‌ജുവും കമലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആമിക്കുണ്ട്. നേരത്തെ കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഈ പുഴയും കടന്ന് എന്നീ കമൽ ചിത്രങ്ങളിൽ മഞ്‌ജു അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ