മാധവികുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’യുടെ പോസ്റ്റര്‍ ഇറങ്ങി. മഞ്ജു വാര്യര്‍ തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നീല നിറത്തില്‍ ആമി എന്നെഴുതിയ പോസ്റ്ററില്‍ നേരത്തെയിറങ്ങിയ ടൈറ്റിലുമായി വ്യത്യാസമുണ്ട്.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുന്നയൂർകുളത്ത് പുരോഗമിക്കവേ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരുന്നു.  ചിത്രം പ്രഖ്യാപിച്ചത് മുതൽ ആമി വാർത്തകളിൽ നിറഞ്ഞിരുന്നു. ആരാകും ആമിയെന്ന് ചർച്ചകളും സജീവമായിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുൻപ് വിദ്യാ ബാലൻ ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് നിരവധി ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം. അതിന് ശേഷം പല പേരുകളും ആ വേഷത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ അവസാനം ആമി മഞ്‌ജുവാണെന്ന് കമൽ സ്ഥിരീകരിക്കുകയായിരുന്നു.

മാധവിക്കുട്ടി ജീവിച്ചിരുന്ന ഒറ്റപ്പാലം, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായിരിന്നു ചിത്രീകരണം. അനൂപ് മേനോൻ, മുരളി ഗോപി തുടങ്ങിയ താരനിര ചിത്രത്തിലുണ്ടാവും. ബോളിവുഡ് സംഗീത സംവിധായകൻ ജാവേദ് അക്തർ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്‌ഠനാണ്.

പതിനാല് വർഷത്തിന് ശേഷം ശക്തമായി സിനിമയിൽ തിരിച്ചുവരവ് നടത്തിയ താരമാണ് മഞ്‌ജു. സ്ത്രീ പ്രാധാന്യമുളള നിരവധി സിനിമകളിൽ മികവുറ്റ അഭിനയം കാഴ്‌ച വെച്ച മഞ‌്‌ജുവിന്‍റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ആമി. വർഷങ്ങൾക്ക് ശേഷം മഞ്‌ജുവും കമലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആമിക്കുണ്ട്. നേരത്തെ കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഈ പുഴയും കടന്ന് എന്നീ കമൽ ചിത്രങ്ങളിൽ മഞ്‌ജു അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ