മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആമി’ വിവാദങ്ങളില്‍ നിന്നു വിവാദങ്ങളിലേക്കുള്ള യാത്രയിലായിരുന്നു തുടക്കം മുതലേ. വിദ്യാ ബാലന് ചിത്രത്തില്‍ നിന്നും പിന്മാറിയതോടെയാണ് കഥാപാത്രം മഞ്ജുവാര്യരിലെത്തിയത്. എന്നാല്‍ പിന്നീട് ഒരഭിമുഖത്തില്‍ കമല്‍ നടത്തിയ പരാമര്‍ശം വീണ്ടും വിവാദത്തിന് കാരണമായി.
തന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന് പിന്മാറിയതില് സന്തോഷമേയുള്ളൂവെന്നും വിദ്യ ആയിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ചു ലൈംഗികത കടന്നുവരുമെന്നുമായിരുന്നു കമല്‍ പറഞ്ഞത്. ഈ പരാമര്‍ശം മാധ്യമങ്ങളും, നവമാധ്യമങ്ങളും, ദേശീയ മാധ്യമങ്ങളും വരെ വാര്‍ത്തയാക്കി. കമലിന്റെ പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹത്തിന് മറുപടിയില്ലൈന്നുമായിരുന്നു ഈ വിഷയത്തില്‍ വിദ്യാ ബാലന്റെ പ്രതികരണം.
വിവാദ പരാമര്‍ശത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. തന്റെ ചിത്രം ‘എന്റെ’ കഥ എന്ന പുസ്തകത്തിന്റെ പൂര്‍ണമായ ദൃശ്യാവിഷ്കാരമായിരിക്കില്ലെന്നും എന്നാല്‍ മാധവിക്കുട്ടിയുടെ ജീവിത്തിന്റെ ഓരോ മുക്കും മൂലയും പകര്‍ത്തുന്നുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.
‘മലയാളികളുടെ ഹൃദയം കവര്‍ന്ന മാധവിക്കുട്ടിയുടെ ജീവിതം മുഴുവനായും പകര്‍ത്താന്‍ ആമി ശ്രമിച്ചിട്ടുണ്ട്. വൃത്തിയായ മലയാളം പറയുന്ന തനി മലയാളിയായി ജീവിച്ച നാട്ടിന് പുറത്തുകാരിയും നിഷ്കളങ്കയുമായ മാധവിക്കുട്ടി ഈ ചിത്രത്തിലുണ്ട്. അതേ സമയം തന്റെ ലൈംഗികതയെക്കുറിച്ചും ലൈംഗിക തൃഷ്ണകളെക്കുറിച്ചും യാതൊരു ഭയവുമില്ലാതെ തുറന്നു പറഞ്ഞ, പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത, മലയാളിയുടെ ഇരട്ടത്താപ്പിനെയും സദാചാരത്തെയും ചോദ്യം ചെയ്ത ധീരയായ മാധവിക്കുട്ടിയും ആമിയിലുണ്ട്.’
അക്ഷരങ്ങളിലൂടെ മലയാളി അറിഞ്ഞ മാധവിക്കുട്ടിയെയാണ് താന്‍ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി. ‘എന്റെ കഥയിലെ മാധവിക്കുട്ടിയുടെ ജീവിതമല്ല ആമി, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതം കൂടിയാണ്.’
ചിത്രത്തില്‍ നിന്നും വിദ്യാബാലന് പിന്മാറിയതിന്റെ കാരണമെന്തെന്ന് തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു. താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നു മാത്രമാണ് വിദ്യ പറഞ്ഞത്. മറ്റൊന്നും അറിയില്ലെന്നായിരുന്നു കമലിന്റെ പ്രതികരണം. അതേസമയം ചിത്രത്തില്‍ വിദ്യായിരുന്നു മാധവിക്കുട്ടിയെ അവതരിപ്പിച്ചതെങ്കില്‍ ലൈംഗികത ചിത്രീകരിക്കാന്‍ തനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായേനെ, എന്നാല്‍ കേരളത്തില്‍ മഞ്ജുവിനുള്ളത് മറ്റൊരു ഇമേജാണ്. അതുകൊണ്ട് തന്നെ പരിമിധികളുണ്ടായിരുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കി.