ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നുപോയ ചിത്രങ്ങളിലൊന്നാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’. വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നായകന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തു. പ്രതിസന്ധികൾക്ക് ഒടുവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ബ്ലെസിയും സംഘവും. പൃഥ്വിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
മൂന്നുമാസമായി വാദിറാം മരുഭൂമിയിൽ പെട്ടു കിടക്കുകയായിരുന്ന പൃഥ്വിയും സംഘവും ഇന്നലെ ചിത്രീകരണം പൂർത്തിയാക്കി ജോർദ്ദാനിലെ ഹോട്ടലിൽ മടങ്ങിയെത്തി. ഗംഭീര വരവേൽപ്പാണ് സംഘത്തിന് ഹോട്ടലിൽ ലഭിച്ചത്. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറിയ വലിയൊരു മേക്ക് ഓവറിനാണ് പൃഥ്വിരാജ് തയ്യാറായത്. 30 കിലോയോളം ശരീരഭാരം പൃഥ്വി ഈ ചിത്രത്തിനായി കുറച്ചിരുന്നു. കുറേ മാസങ്ങളായി മെലിഞ്ഞ ആ ശരീരപ്രകൃതവും വെട്ടിയൊതുക്കാത്ത നീണ്ട താടിയുമായാണ് പൃഥ്വിരാജിന്റെ നടപ്പ്. താരത്തിന്റെ ആത്മാർപ്പണത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ചിത്രമാണ് ‘ആടുജീവിതം’ എന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വി പറഞ്ഞത്.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന് ഈ നോവലൊരുക്കിയത്.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.