ലോക്ക്ഡൗണ്‍ കാലത്ത് മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു. വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നായകന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തു.
ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം വെളിവാക്കുന്നതാണ് ‘ആടുജീവിതത്തിന്റെ’ കഥാപരിസരം. മരുഭൂമി, അവിടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ ചിത്രീകരണ വെല്ലുവിളികള്‍ ഒരു വശത്ത്, മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്കിച്ച നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ മറ്റൊരു വശത്ത്. അതിനൊപ്പമാണ് ലോക്ക്ഡൌണ്‍ കൊണ്ട് വന്ന പ്രതിസന്ധികള്‍ മറ്റൊരു വെല്ലുവിളിയാകുന്നത്.
എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്ത് ‘ആടുജീവിതം’ ജോര്‍ദാന്‍ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മലയാള സിനിമയ്ക്ക് തന്നെ അഭിമാനനിമിഷമാവുകയാണ് അണിയറപ്രവര്‍ത്തകരുടെ മനോബലവും അര്‍പ്പണബോധവും.

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, സംഗീതം എ ആര് റഹ്മാന്. അമലാ പോളാണ് നായിക.
പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച മികവ് ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Read Here: ഈ ദിനങ്ങളില്‍ ഏറെ സംസാരിക്കുന്നത് പൃഥ്വിരാജിനോട്: ദുല്‍ഖര്‍ സല്മാന്