താടി നീട്ടി വളർത്തി, മെലിഞ്ഞുണങ്ങിയ ശരീരവുമായി പൃഥ്വിരാജ് നടക്കുമ്പോൾ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയിലാണ്. ആടുജീവിതത്തിനുവേണ്ടിയാണ് പൃഥ്വിരാജ് ഇത്ര സാഹസമൊക്കെ കാണിക്കുന്നതെന്ന് പ്രേക്ഷകർക്കു അറിയാം. അതുകൊണ്ട് തന്നെ മികച്ചൊരു സിനിമ ലഭിക്കുമെന്ന പ്രതീക്ഷയാണ് മലയാളികൾക്കും അതിലുപരി പൃഥ്വിരാജ് ആരാധകർക്കും. ഇപ്പോൾ ഇതാ നജീബിനായി സർവം ത്യജിച്ച് രാജ്യം തന്നെ വിടുകയാണ് പൃഥ്വിരാജ്.
രണ്ടു കാരണങ്ങൾകൊണ്ടാണ് രാജ്യം വിടുന്നതെന്ന് പൃഥ്വിരാജ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ‘ആടുജീവിതം’ എന്ന ബ്ലസി ചിത്രത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് പൃഥ്വി രാജ്യം വിടുന്നത്. കഠിനമായ ദിനങ്ങളായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളെന്ന് പൃഥ്വിരാജ് പറയുന്നു. ആടുജീവിതത്തിലേക്കുള്ള രൂപാന്തരീകരണത്തിൽ തന്റേതായുള്ള സർവം ത്യജിക്കുകയായിരുന്നു എന്ന് മലയാളികളുടെ പ്രിയ നടൻ പറയുന്നു. ആടുജീവിതത്തിനു വേണ്ടി പൂർണ്ണമായി ത്യജിക്കുകയാണ് താൻ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പങ്കുവച്ചു.
Read Also: ‘ആട് 3’ വരുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി മിഥുൻ മാനുവൽ തോമസ്
“അടുത്ത രണ്ടാഴ്‌ച ഞാൻ എന്നെ പൂർണ്ണമായി സമർപ്പിക്കുകയാണ്. രണ്ടു കാരണങ്ങൾകൊണ്ടാണ് ഞാൻ രാജ്യം വിടുന്നത്. ഒന്ന്, അതു എനിക്കുവേണ്ടി തന്നെയാണ്. എനിക്കുവേണ്ടി കുറച്ചു സമയമെടുക്കുന്നത് അനിവാര്യമാണെന്ന് എനിക്കു തോന്നി. രണ്ട്, എന്റെ പരിവർത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ബ്ലസി ചേട്ടനു വാഗ്‌ദാനം ചെയ്‌തതുപോലെ അല്ലെങ്കിൽ അതിലും പ്രധാനമായി, ഞാൻ സ്വയം വാഗാദാനം ചെയ്തതുപോലെ, ഞാൻ എന്നെ പൂർണ്ണമായും നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ എന്റെ പരിധികളെല്ലാം തരണം ചെയ്യും. നജീബിന്റെ ജീവിതവുമായി തുലനം ചെയ്യുമ്പോൾ ഞാൻ സഹിക്കുന്ന കാര്യങ്ങളൊന്നും ഒന്നുമല്ലെന്ന് ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തും.” പൃഥ്വിരാജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.