സംവിധായകൻ ബ്ലെസ്സിയുടെയും നടൻ പൃഥ്വിരാജിന്റെയും ജീവിതത്തിലെ കഴിഞ്ഞ കുറേവർഷങ്ങൾ ‘ആടുജീവിത’മെന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. നിരവധി പ്രതിസന്ധികളിലൂടെയാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കടന്നുപോയത്. എന്നാൽ, പാതിവഴിയിൽ ആ സ്വപ്നം ഉപേക്ഷിക്കാതെ, പ്രതിസന്ധികളെയെല്ലാം മറികടന്ന് ഒടുവിൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.
“14 വർഷങ്ങൾ, ആയിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ, ഒരു ഒരു അതിമനോഹരമായ കാഴ്ച! ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്!,” എന്നാണ് പൃഥ്വി കുറിച്ചു.
ചിത്രത്തിനു വേണ്ടി വലിയ മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്കിച്ച നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമി, അവിടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ ചിത്രീകരണ വെല്ലുവിളികളും ഏറെയായിരുന്നു. അതിനിടയിൽ, കോവിഡും ലോക്ക്ഡൗണും എത്തിയതോടെ ചിത്രീകരണം തന്നെ നിന്നുപോയി.
ലോക്ക്ഡൗണ്‍ കാലത്ത് മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നും ‘ആടുജീവിത’വുമായി ബന്ധപ്പെട്ടതായിരുന്നു. വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബ്ലെസ്സിയും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള സംഘം ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. അതോടെ ആടുജീവിതം സംഘത്തിന് മരുഭൂമിയിലെ ലൊക്കെഷനിൽ തന്നെ ദിവസങ്ങൾ കഴിഞ്ഞുകൂടേണ്ടി വന്നു.
ആകെ 160 ദിവസമാണ് ചിത്രീകരണത്തിനായി എടുത്തത്, ഏതാണ്ട് നാലര വർഷത്തോളമെടുത്ത് വിവിധ ഷെഡ്യൂളുകളായി ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം വെളിവാക്കുന്നതാണ് ‘ആടുജീവിതത്തിന്റെ’ കഥാപരിസരം.
കെ എസ് സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എ ആർ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീതസംവിധായകൻ. രഞ്ജിത്ത് അമ്പാടി മേക്കപ്പും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിച്ചു.