ആട് 2വിന്റെ നൂറാം നാള്‍ ആഘോഷിച്ച ഇന്നലെ രാത്രി ആരാധകര്‍ക്ക് മിഥുന്‍ മാനുവല്‍ തോമസ് സമ്മാനിച്ചത് ഇരട്ടി മധുരമാണ്. മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം മിഥുന്‍ സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ആദ്യ സന്തോഷ വാര്‍ത്ത. പിന്നാലെ അതേ വേദിയില്‍ വച്ചു തന്നെ ആടിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചു.

ഹിറ്റ് ചേരുവകളില്‍ മാറ്റമൊന്നുമില്ലാതെയാണ് ആടിന്റെ മൂന്നാം ഭാഗവും തയ്യാറാക്കുന്നത്. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമെക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വിജയമായിരുന്നു ആട് രണ്ടാം ഭാഗം.

ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുക എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. എത്ര മെനക്കെട്ടിട്ടാണേലും ഇത് ത്രീഡിയില്‍ തന്നെ ചെയ്യും എന്നാണ് മിഥുന്‍ പറയുന്നത്.

സംവിധായകന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ആട് മൂന്നാം ഭാഗത്തിനും കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിനും പുറമെ ആസിഫ് അലി ചിത്രത്തിന് മിഥുന്‍ തിരക്കഥയെഴുതുകയും ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook