ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ് ജയസൂര്യ നായകനായ ആട് 2. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഭാഗം ‘ആട് ഒരു ഭീകരജീവിയാണ്’ വലിയ പരാജയമായിരുന്നു. ആ ചിത്രം പരാജയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് ജയസൂര്യ രംഗത്ത്. കൊച്ചി ലുലു മാളില്‍ നടന്ന ആട് 2വിന്റെ സക്സസ് പാര്‍ട്ടിയിലാണ് ജയസൂര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.

ചിത്രം പരാജയപ്പെടുത്തിയതിന് നന്ദി അറിയിക്കാന്‍ കാരണമുണ്ട്. സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. പൊട്ടിയ പടത്തിന്റെ രണ്ടാം ഭാഗം വരുന്നതും അത് വന്‍ ഹിറ്റാകുന്നതും ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും. പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം നിര്‍മ്മിച്ച സിനിമയാണ് ആട് 2. ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവര്‍ ക്ലാസ് കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും ജയസൂര്യ പറഞ്ഞു.

ചിത്രത്തിന്റെ ആദ്യഭാഗം പരാജയമായിരുന്നെങ്കിലും ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. അതിനും ജയസൂര്യ നന്ദി പറഞ്ഞു. രണ്ടാംഭാഗം തിയേറ്ററുകളിലെത്തിയ ആദ്യം ദിനം മുതല്‍ക്കു തന്നെ മികച്ച അഭിപ്രായമായിരുന്നു. യുവാക്കളുടേയും കുടുംബപ്രേക്ഷകരുടേയും പ്രോത്സാഹനത്തോടെ ചിത്രം മുന്നേറുകയാണ്. നിരവധി തിയേറ്ററുകളില്‍ രാത്രി വൈകിയുള്ള സ്‌പെഷ്യല്‍ ഷോസും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മിഥുന്‍ മാനുവല്‍ തോമസാണ് രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത്. ആദ്യഭാഗം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാം വരവില്‍ ആട് ശരിക്കും ഒരു ഭീകരജീവിയായെന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ആട് 2വും നിര്‍മ്മിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook